ഐഎസ്എല്‍ കിരീടം വീണ്ടും ചെന്നൈയിന്‍ എഫ്സിക്ക്

  

Last Updated : Mar 18, 2018, 11:04 AM IST
ഐഎസ്എല്‍ കിരീടം വീണ്ടും ചെന്നൈയിന്‍ എഫ്സിക്ക്

ബംഗളൂരു: ബെംഗളൂരുവിനെ ഹോം ഗ്രൌണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ തകര്‍ത്ത് ഐഎസ്എല്‍ നാലാം സീസണ്‍ കിരീടം ചെന്നൈയിന്‍ എഫ്സി സ്വന്തമാക്കി. ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്സി വിജയകൊടി പാറിച്ചത്.  ചെന്നൈയിന്‍ എഫ്സിക്കു ഇത് രണ്ടാം കിരീടമാണ്. 

മൈല്‍സണ്‍ ആല്‍വസിന്‍റെ ഇരട്ട ഗോളും റാഫേല്‍ അഗസ്റ്റോയുടെ ഒരു ഗോളുമാണ് ചെന്നൈയിന്‍ എഫ്‌സിയുടെ ജയം എളുപ്പമാക്കിയത്. ബെംഗളൂരുവിന് വേണ്ടി സുനില്‍ ഛെത്രിയും മികുവും ഓരോ ഗോളുകള്‍ വീതം നേടി. 

ഒമ്പതാം മിനിറ്റില്‍ ഉദാന്ത സിങ്ങിന്‍റെ ക്രോസ് ഗോളില്‍ അവസാനിച്ചപ്പോള്‍ ബംഗളൂരു എഫ്‌സി മുന്നിലെത്തി. തുടര്‍ന്ന് 17 മത്തെ മിനിറ്റില്‍ ഗ്രിഗറി നെല്‍സന്‍റെ കോര്‍ണറില്‍ നിന്നും ഉയര്‍ന്ന പന്തിന് ബ്രസീലിയന്‍ നീളക്കാരന്‍ മൈല്‍സണ്‍ ആല്‍വസ് തകര്‍പ്പന്‍ ഹെഡ്ഡര്‍ നല്‍കിയപ്പോള്‍ ചെന്നൈയിന്‍ ബെംഗളൂരുവിന് ഒപ്പമെത്തി. 

വീണ്ടും നെല്‍സന്‍റെ കോര്‍ണറില്‍ ആല്‍വസ് തലവച്ചപ്പോള്‍ ഒരിക്കല്‍കൂടി ചെന്നൈയിന്‍ എഫ്‌സിക്ക് ലീഡ് പിറന്നു. 67 മത്തെ മിനിറ്റില്‍ റാഫേല്‍ അഗസ്റ്റോയിലൂടെ മൂന്നാം ഗോള്‍ പിറന്നതോടെ ബംഗളൂരു തോല്‍വി ഉറപ്പിച്ചു. ഇഞ്ചുറി സമയത്ത് മികു നേടിയ ഗോളാണ് ബെംഗളൂരുവിന്‍റെ തോല്‍വി ഭാരം കുറച്ചത്. വലത് വിങ്ങില്‍ നിന്ന് ഉദാന്തയുടെ ക്രോസ് മികു അനായാസം ഗോളാക്കി.

Trending News