ന്യൂഡൽഹി : മുംബൈ: ലോധ കമീഷന്റെ ശിപാർശകൾ നടപ്പാക്കണമെന്ന വിധിക്കെതിരെ ബി.സി.സി.ഐ സമർപ്പിച്ച പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ലോധ സമിതിയുടെ ശിപാർശകൾ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ കോടതിയെ സമീപിച്ചത്. പുന:പരിശോധന ഹര്‍ജി തള്ളിയതോടെ ലോധ സമിതിയുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ ബി.സി.സി.ഐ നിർബന്ധിതമാകും.
ലോധ സമിതിയുടെ മാർഗനിർദേശങ്ങൾ കണിശമായി പാലിക്കണമെന്ന സുപ്രീംകോടതി വിധി ബിസിസിഐ നേരത്തെ നിരസിച്ചിരുന്നു. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, 70 കഴിഞ്ഞവർ ഭരണസമിതികളിൽ പാടില്ല, മൂന്നു പേരുടെ സിലക്ഷൻ പാനൽ, ഭരണാധികാരികൾക്ക് മൂന്നു വർഷ 'കൂളിങ് ഓഫ്’ കാലം തുടങ്ങിയ പ്രധാന മാർഗനിർദേശങ്ങളാണ് ബിസിസിഐക്ക് സ്വീകാര്യമല്ലാത്തത്.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ഭരണസംവിധാനത്തിൽ അടിമുടി മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കുന്നതു സംബന്ധിച്ച ഉത്തരവ് സുപ്രീംകോടതി പിന്നത്തേക്കു മാറ്റിയിരുന്നു. തിങ്കളാഴ്ച രണ്ടു മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് അന്തിമ ഉത്തരവ് മാറ്റിവയ്ക്കുകയാണെന്നു കോടതി വ്യക്തമാക്കിയത്.