ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: ക്വാര്‍ട്ടര്‍ലൈനപ്പ് ഇന്നറിയാം

ദേശീയ സീനിയര്‍ വനിതാ ഹോക്കി 'എ' ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), ഒഡീഷ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

Last Updated : Feb 4, 2020, 01:57 PM IST
  • ശീയ സീനിയര്‍ വനിതാ ഹോക്കി 'എ' ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), ഒഡീഷ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
  • പൂള്‍ 'എ'യില്‍ ഹോക്കി ഹിമാചലിനെ 6-1ന് തകര്‍ത്താണ് ഒഡീഷ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ്: ക്വാര്‍ട്ടര്‍ലൈനപ്പ് ഇന്നറിയാം

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി 'എ' ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), ഒഡീഷ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

പൂള്‍ 'എ'യില്‍ ഹോക്കി ഹിമാചലിനെ 6-1ന് തകര്‍ത്താണ് ഒഡീഷ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. റഷ്മിത മിന്‍സിന്റെ ക്യാപ്ടന്‍സിയില്‍ ഇറങ്ങിയ ഒഡീഷ ടീമിന് മുന്നില്‍ ഹോക്കി ഹിമാചലിന്റെ തന്ത്രങ്ങളെല്ലാം പാളുകയായിരുന്നു. ഒഡീഷയുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ ഹിമാചല്‍ പ്രതിരോധം നന്നെ പാടുപെട്ടു.

ഒഡീഷയ്ക്കായി ദീപ്തി ലാക്രയും സരിത കെര്‍ക്കേറ്റയും രണ്ട് ഗോളുകള്‍ വീതം നേടി. ക്യാപ്ടന്‍ റഷ്മിത മിന്‍സ്, ടോപ്പോ ജിവാന്‍ കിഷോരി എന്നിവര്‍ ഓരോ ഗോള്‍ നേടി. ഹിമാചലിന്റെ ആശ്വാസഗോള്‍ ആര്‍തി കശ്യപിന്റെ വകയായിരുന്നു.

പൂള്‍ 'ബി'യില്‍ ഗാങ്പുര്‍ ഒഡീഷ ടീം എത്താത്തതിനാല്‍ സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യ്ക്ക് വാക്കോവര്‍ ലഭിച്ചു. കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്നും 9 പോയന്റുമായി സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) പൂള്‍ 'ബി'യില്‍ നിന്നും ഹരിയാനയ്ക്ക് പിന്നിലായി ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി.

പൂള്‍ 'സി'യില്‍ ചണ്ഡീഗഢിനെ 3-2ന് തോല്‍പിച്ച് ഉത്തര്‍പ്രദേശ് ക്വാര്‍ട്ടര്‍ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തി.രണ്ട് ഗോളിന് പിന്നിലായശേഷം പതറാതെ മൂന്നെണ്ണം തിരിച്ചടിച്ചാണ് ഉത്തര്‍പ്രദേശിന്റെ വിജയം. ചണ്ഡീഗഡിനായി അമൃതപാല്‍ കൗര്‍,സോനു എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ഗോളുകള്‍ വിനമ്രത യാദവ്,പൂജായാദവ്,അര്‍ച്ചന ഭരദ്വാജ് എന്നിവരുടെ വകയായിരുന്നു.

നാല് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റാണ് ഉത്തര്‍പ്രദേശിനുള്ളത്. തോല്‍വിയോടെ ചണ്ഡീഗഢ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

ഇന്ന്(ചൊവ്വ) ഏഴ് മത്സരങ്ങള്‍ നടക്കും. പൂള്‍ 'എ'യിലെ നിര്‍ണായകമത്സരത്തില്‍ മധ്യപ്രദേശ് ഹോക്കി ഹിമാചലിനെ നേരിടും. ഹോക്കി ഭോപ്പാല്‍ എത്തിച്ചേരാത്തതിനാല്‍ കേരള ടീമിന് ഇന്ന് വാക്കോവര്‍ ലഭിക്കും.

പൂള്‍ 'ബി' യിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ന് ഹരിയാന സായി (സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ നേരിടും. മത്സരവിജയികള്‍ പൂള്‍ 'ബി'യില്‍ ജേതാക്കളാകും. പൂള്‍ ബി'' യിലെ മറ്റൊരു മത്സരത്തില്‍  കര്‍ണാടക രാജസ്ഥാനുമായി മത്സരിക്കും. പൂള്‍ 'സി'യില്‍ മഹാരാഷ്ട്ര ചണ്ഡീഗഢിനെയും പഞ്ചാബ് ഹോക്കി യൂണിറ്റ് ഓഫ് തമിഴ്‌നാടിനെയും നേരിടും. പൂള്‍ 'ഡി'യില്‍ ഹോക്കി ജാര്‍ഖണ്ഡിന് സി.ആര്‍.പി.എഫും(സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്) മധ്യപ്രദേശ് ഹോക്കി അക്കാദമിയ്ക്ക് ഹോക്കി ഛത്തിസ്ഗഢുമാണ് എതിരാളികള്‍.

ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രുവരി ആറിന് നടക്കും.ഫെബ്രുവരി എട്ടിനാണ് ടൂര്‍ണമെന്റിലെ സെമിഫൈനല്‍ മത്സരങ്ങള്‍. ഫെബ്രുവരി 9ന് ഞായറാഴ്ച  ഉച്ചയ്ക്ക് രണ്ടിന് ലൂസേഴ്‌സ്  ഫൈനലും വൈകീട്ട് നാലിന് കിരീടപ്പോരാട്ടവും നടക്കും.

Trending News