വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ച ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് തിരിച്ചടി. സർക്കാരിന്റെ നീക്കത്തിനെതിരെ ജോക്കോവിച്ച് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ ഓസ്ട്രേലിയൻ സർക്കാർ താരത്തെ നാടുകടത്തും.
20 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനായ താരം തിങ്കളാഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ സെർബിയൻ മിയോമിർ കെക്മാനോവിച്ചിനെതിരെ കളിക്കാനിരിക്കുകയായിരുന്നു. എന്നാൽ, നാടുകടത്തൽ ഉത്തരവിനെതിരെ മുൻനിര ടെന്നീസ് താരത്തിന്റെ അപ്പീൽ കോടതി തള്ളിയതോടെ ടൂർണമെന്റിൽ കളിക്കാനുള്ള നിലവിലെ ചാമ്പ്യന്റെ പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്.
Also Read: Novak Djokovic | ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ച് കളിക്കുമോ? രണ്ടാമതും വിസ റദ്ദാക്കി ഓസ്ട്രേലിയ
34 കാരനായ നൊവാക്കിന്റെ വിസ റദ്ദാക്കാനുള്ള ഇമിഗ്രേഷൻ മന്ത്രിയുടെ തീരുമാനം അപ്പീലിൽ വാദം കേട്ട ഫെഡറൽ കോടതിയിലെ മൂന്നംഗ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. കോവിഡ് വാക്സിനേഷൻ എടുത്തിട്ടില്ലാത്ത ജോക്കോവിച്ച്, നാടുകടത്തപ്പെടുന്നതുവരെ മെൽബണിൽ തടങ്കലിൽ തുടരുമെന്നാണ് ഈ തീരുമാനത്തിന്റെ അർത്ഥം. ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് മൂന്ന് വർഷത്തെ വിലക്കും ഉണ്ടാവും.
അതേസമയം അപ്പീൽ തള്ളിയതിൽ നിരാശയുണ്ടെങ്കിലും കോടതി വിധിയെ മാനിക്കുന്നുവെന്ന് ജോക്കോവിച്ച് പ്രസ്താവനയിൽ അറിയിച്ചു. ഇനി ഓസ്ട്രേലിയയിൽ തുടരാനും ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനും തനിക്ക് കഴിയില്ല. ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളോടും സഹകരിക്കുമെന്നും ജോക്കോവിച്ച് വ്യക്തമാക്കി.
Also Read: Novak Djokovic : നൊവാക്ക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു
ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി അലക്‌സ് ഹോക്‌സ് ആണ് വിസ റദ്ദാക്കിയത്. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് വിസ റദ്ദാക്കിയതെന്ന് ഹോക്ക് വ്യക്തമാക്കിയിരുന്നു. വാക്സിൻ ഇളവ് ലഭിക്കുന്നതിന് 'അനുയോജ്യമായ തെളിവുകൾ നൽകാൻ താരത്തിന് സാധിച്ചില്ലെന്ന് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് ജോക്കോവിച്ചിന്റെ വിസ ആദ്യം റദ്ദാക്കിയത്. ജനുവരി 6 ന് മെൽബണിൽ എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...