പ്രജിൽ കുമാറിന്‍റെ സ്വപ്നം കേരളാ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടണിയുന്നത്..!

ഭാവിയിലെ  'വി.പി സത്യനോ കെ.വി ധനേഷോ ബിനീഷ് കിരണോ' ആയിത്തീരാൻ സാധ്യതയുള്ള മറ്റൊരു കണ്ണൂര്‍ക്കാരന്‍,  

Last Updated : Jul 19, 2020, 11:54 PM IST
പ്രജിൽ കുമാറിന്‍റെ സ്വപ്നം കേരളാ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടണിയുന്നത്..!

ഭാവിയിലെ  'വി.പി സത്യനോ കെ.വി ധനേഷോ ബിനീഷ് കിരണോ' ആയിത്തീരാൻ സാധ്യതയുള്ള മറ്റൊരു കണ്ണൂര്‍ക്കാരന്‍,  
ശ്രീകണ്ഠാപുരം കോട്ടൂർ സ്വദേശി ജെ.ആർ പ്രജിൽ കുമാര്‍, പന്നിയോട്ടുമൂല സ്വദേശി പ്രകാശൻ-ജിഷ ദമ്പതികളുടെ മകനായി 2000 ജൂലൈ 3 ന് ജനനം.
ശ്രീകണ്ഠാപുരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പഠനകാലത്താണ് കാൽപന്ത് കളിയെ പ്രജിൽ മനസിലേറ്റുന്നത്. 
തുടർച്ചയായി പന്ത് തട്ടി കാൽപന്ത് കളിയുടെ ബാലപാഠങ്ങൾ ഓരോന്നായി ഈ മിടുക്കൻ സ്വായത്തമാക്കി, 

ബസ് ഡ്രൈവറായ പിതാവ് പ്രകാശൻ ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും മകന്റെ കളി മിടുക്കിനെ തന്നാലാവും വിധം പ്രോത്സാഹിപ്പിച്ചു.
പ്ലസ് വൺ പഠനകാലത്ത്  യുണൈറ്റഡ് പഞ്ചാബ് എഫ്.സി യുടെ ട്രയൽസിൽ പങ്കെടുത്തതാണ്  പ്രജിലിന്റെ കളി ജീവിതത്തിൽ വഴിത്തിരിവായത്. 
സെലക്ഷൻ ലഭിച്ചതിനെ തുടർന്ന് ഈ കൗമാര താരം ക്ലബ്ബുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു.  
പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള പ്രജിലിന്റെ ചുവട് വെപ്പുകൂടിയായിരുന്നു ഇത്.  
പഞ്ചാബ് അക്കാദമി ലീഗിലും പഞ്ചാബ് സംസ്ഥാന ലീഗിലും കൊൽക്കത്ത ചലഞ്ചർ സീരീസ് കപ്പിലും ഈ കണ്ണൂരുകാരൻ പുറത്തെടുത്തത് 
മികച്ച പ്രകടനമായിരുന്നു.പ്രതിരോധ നിരയിൽ  നിറഞ്ഞു കളിച്ച പ്രജിലിന്റെ അടുത്ത തട്ടകം  ഗ്ലോബൽ എഫ്.സി കേരളയായിരുന്നു.

തമിഴ് നാട്ടിൽ നടന്ന ദക്ഷിണേന്ത്യ സി.എഫ്.സി ടൂർണമെന്റിൽ ഗ്ലോബൽ എഫ്.സി ടീമിനെ ഫൈനൽ വരെ  എത്തിക്കാൻ  കരുത്തുറ്റപ്രകടനത്തിലൂടെ 
പ്രജിലിന് സാധിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ജാർഖണ്ഡ് എഫ്.സി, ബീഹാർ യുണൈറ്റഡ് ക്ലബ്ബുകൾക്കായും  പ്രജിൽ കുമാർ ബൂട്ടുകെട്ടി.
ഈ ടീമുകള്‍ക്കായും മികച്ച പ്രകടനം പ്രജില്‍ കാഴ്ച്ചവെച്ചത്.

പഴുതടച്ച് പ്രതിരോധത്തിൽ  കോട്ട കെട്ടിയ ഈ കണ്ണൂരുകാരനെ സ്വന്തമാക്കാൻ മികച്ച ക്ലബ്ബുകൾ തമ്മില്‍ മത്സരമായിരുന്നു. 
2019-20 സീസണിലെ മുംബൈ എലൈറ്റ് ഡിവിഷൻ ടൂർണമെൻറിൽ സ്പാർട്ടൻസ് മുംബൈ എഫ്.സിയുടെ ജഴ്സി അണിഞ്ഞ പ്രജിൽ പുറത്തെടുത്തത് 
അവിസ്മരണീയ പ്രകടനമാണ്. പ്രതിരോധ നിരയിലെ പ്രതിഭാ സ്പർശമുള്ള ഈ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 
അപകടകരമായ ടാക്ലിങ്ങുകളൊന്നും ഇല്ലാതെ തന്നെ സ്വതസിദ്ധമായ ശൈലിയിൽ ഏത് മികച്ച മുന്നേറ്റനിരക്കാരനും പൂട്ടിടാൻ പ്രത്യേക വിരുത് തന്നെയുണ്ട് 
ഈ 20 കാരന്. U-16 ഇന്തോ-നേപ്പാൾ ടൂർണമെൻറിൽ ഇന്ത്യ ജേതാക്കളായപ്പോൾ ക്യാപ്റ്റൻ ഈ കണ്ണൂരുകാരനായിരുന്നു. ടൂർണമെൻറിൽ ഉടനീളം തകർത്ത് കളിച്ച പ്രജിൽ ഇന്ത്യൻ പ്രതിരോധത്തിന്റെ നെടുംതൂൺ ആയിരുന്നു.നേരത്തെ ഗോവയിൽ നടന്ന എസ്.സി.എഫ്.ഐ ദേശിയ ഗെയിംസ് U- 19 വിഭാഗം ഫുട്ബോൾ ടൂർണമെൻറിൽ ഡൽഹിയെ തോൽപ്പിച്ച കേരള ടീമിലും പ്രജിൽ കുമാർ അംഗമായിരുന്നു.
ഏതൊരു ഫുട്ബോളറുടെയും സ്വപ്നമായ സാക്ഷാൽ കൊൽക്കത്ത ലീഗിലേക്കുള്ള ഓഫർ തേടിയെത്തിയതിന്റെ ത്രില്ലിലാണ് ഇപ്പോൾ പ്രജിൽ കുമാർ. സതർ സമിതി കൊൽക്കത്ത ക്ലബ്ബാണ് ഈ 'വണ്ടർ ഡിഫൻഡറെ' സ്വന്തമാക്കിയത്.കൊറോണ മാരക പകർച്ചവ്യാധി കാരണം ഈ ആഗ്രഹം പൂവണിയാൻ കാലതാമസം നേരിടുമെങ്കിലും ഈ യുവതാരം പരിശീലനം ഇതുവരെ മുടക്കിയിട്ടില്ല.

Also Read:ഫുട്ബാള്‍ താരം വിപി സത്യന്‍ വിടപറഞ്ഞിട്ട് 14 വര്‍ഷം!

ജന്മനാട്ടിൽ നിന്ന് സ്വയം കളി പഠിച്ചു വളർന്നു വന്ന പ്രജിൽ സ്വപ്രയത്നത്താലാണ് ട്രയൽസിനും മറ്റും പോയി മിന്നും നേട്ടങ്ങൾ കൈവരിച്ചത്. 
മാതാപിതാക്കൾ നൽകുന്ന പൂർണ പിന്തുണയും പ്രോത്സാഹനവുമാണ് കരിയറിൽ പ്രജിലിന് കരുത്ത് പകരുന്നത്.
പഞ്ചാബ് ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത കാലത്ത്  നിലവിൽ മിനർവ പഞ്ചാബ് ക്ലബ്ബിന്റെ കോച്ച് ആയ ഹർപ്രീത് സിംഗ് നൽകിയ പിന്തുണ 
പ്രജിൽ നന്ദിയോടെ സ്മരിക്കുന്നു.ഹർപ്രീത് സിംഗ് മറ്റു ടീമുകളിലേക്ക് ശുപാർശ ചെയ്തത് തന്റെ വളർച്ചയിൽ പ്രധാന ഘടകമായെന്നും ഈ 
കണ്ണൂരുകാരൻപറയുന്നു. കുൽദീപ്, മലയാളി മാനേജർ ജയ്സൺ എന്നിവർ നൽകിയ പിന്തുണയും പ്രജിൽ പ്രത്യേകം എടുത്തു പറയുന്നു. 
മലയാളി കാൽപന്ത് ആരാധകരുടെ ആവേശമായ കേരളാ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബൂട്ടണിയുന്നത് സ്വപ്നം കാണുന്ന ഈ പ്രതിരോധ നിരക്കാരന്റെ  
ഇഷ്ട താരം ലയണൽ മെസ്സിയാണ്. മടമ്പം സ്കൂൾ വിദ്യാർത്ഥിനി നന്ദനയാണ് പ്രജിൽ കുമാറിന്റെ സഹോദരി,പ്രജില്‍ എന്ന ഈ മികച്ച കളിക്കാരനെ തേടി 
ബ്ലാസ്റ്റേഴ്സിന്‍റെ വിളിയെത്തും എന്ന പ്രതീക്ഷയിലാണ് കാല്‍പന്ത് കളിയുടെ ആരാധകര്‍. 

Trending News