Qatar World Cup 2022: നെയ്മര്‍ ഇറങ്ങണം... അല്ലെങ്കില്‍ പണി പാളും! ഈ കളി തോറ്റാല്‍ ബ്രസീല്‍ ഫാന്‍സ് എയറില്‍, ട്രോളുകള്‍ക്ക് മൂര്‍ച്ച കൂട്ടി എതിരാളികള്‍

Brazil Vs South Korea: പോർച്ചുഗലിലെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് ദക്ഷിണ കൊറിയ എത്തുന്നത്. കാമറൂണിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്ന അപമാനത്തിന് കണക്ക് തീർക്കുക ബ്രസീലിന്റെ ലക്ഷ്യവും.

Written by - Binu Phalgunan A | Last Updated : Dec 5, 2022, 02:50 PM IST
  • ബ്രസീലിനും ദക്ഷിണ കൊറിയയ്ക്കും ഒരുപോലെ നിർണായകമാണ് ഈ മത്സരം
  • പരിക്കേറ്റ നെയ്മർ ആരോഗ്യം വീണ്ടെടുത്ത് കളത്തിലിറങ്ങിയില്ലെങ്കിൽ ബ്രസീലിന് അത് വലിയ വെല്ലുവിളിയാകും
  • ബ്രസീലിന്റെ തോൽവിയ്ക്കായി കാത്തിരിക്കുന്ന എതിരാളികളുടെ ആരാധകരുടെ വലിയ നിര തന്നെയുണ്ട്
Qatar World Cup 2022: നെയ്മര്‍ ഇറങ്ങണം... അല്ലെങ്കില്‍ പണി പാളും! ഈ കളി തോറ്റാല്‍ ബ്രസീല്‍ ഫാന്‍സ് എയറില്‍, ട്രോളുകള്‍ക്ക് മൂര്‍ച്ച കൂട്ടി എതിരാളികള്‍

ദോഹ: 2002 ന് ശേഷം ഒരു കിരീടനേട്ടം എന്ന ലക്ഷ്യവുമായാണ് ടിറ്റെയുടെ കുട്ടികള്‍ ദോഹയിലേക്ക് വിമാനം കയറിയത്. ആദ്യ രണ്ട് കളികളില്‍ അസാമാന്യ പ്രകടനം കാഴ്ചവച്ച ബ്രസീലിന് പക്ഷേ, മൂന്നാം മത്സരത്തില്‍ കാലിടറി. അതും ഫിഫ റാങ്കിങ്ങില്‍ 43-ാം സ്ഥാനത്തുള്ള കാമറൂണിനെതിരെ! നെയ്മര്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളില്ലാതെ ആയിരുന്നു ഗ്രൂപ്പ് ഓഫ് 16 ഉറപ്പിച്ച ബ്രസീല്‍ ടീം അന്ന് മൈതാനത്തിലിറങ്ങിയത് എന്നത് ആരാധകര്‍ക്ക് പറയാനുള്ള ഒരു ന്യായമാണ്. പക്ഷേ, എതിരാളികളുടെ ഗോള്‍വല കുലുക്കി വിജയം നേടിയില്ലെങ്കില്‍ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

നെയ്മറുടെ പരിക്ക് ബ്രസീലിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. നെയ്മറില്ലാതെയും തങ്ങള്‍ക്ക് കളി ജയിക്കാമെന്ന് ടിറ്റെയുടെ പടക്കുതിരകള്‍ പലതവണ തെളിയിച്ചിട്ടുണ്ടെങ്കിലും, ലോകകപ്പിലെത്തുമ്പോള്‍ നെയ്മര്‍ നിര്‍ണായകമാണ്. 2014 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ നെയ്മര്‍ പരിക്കേറ്റ് പുറത്തായതിന് ശേഷം കാനറികള്‍ കളിമറന്നത് ആരാധകരും ലോകവും മറന്നിട്ടില്ല എന്ന് കൂടി ഓര്‍ക്കണം. 

Read Aslo: 19-ാം വയസിൽ അച്ഛനായി; കളിക്കളത്തിന് പുറത്തെ നെയ്മർ എന്ന കാസിനോവ

ഇത്തവണ ആദ്യ കളിയില്‍ തന്നെ നെയ്മര്‍ പരിക്കേറ്റ് പിന്‍മാറിയിരുന്നു. നെയ്മറില്ലാതെ സ്വിറ്റ്‌സര്‍ലാന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ തോല്‍പിക്കുകയും ചെയ്തു. ഒരുപക്ഷേ, ഈ ലോകകപ്പ് നെയ്മറിന് നഷ്ടപ്പെടുമെന്ന രീതിയില്‍ വാര്‍ത്തകളും വന്നു. എന്നാലിപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ബ്രസീല്‍ ടീമിനും ആരാധകര്‍ക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ്. ദക്ഷിണ കൊറിയക്കെതിരെയുള്ള നോക്ക് ഔട്ട് മത്സരത്തില്‍ നെയ്മര്‍ ബൂട്ട് അണിഞ്ഞേക്കും എന്നതാണത്.

റാങ്കിങ്ങില്‍ 28-ാം സ്ഥാനത്താണ് ദക്ഷിണ കൊറിയ. ബ്രസീല്‍ ഒന്നാം സ്ഥാനത്തും. എന്നാല്‍ 43-ാം സ്ഥാനക്കാരായ കാമറൂണിനെതിരെ പരാജയം ഏറ്റുവാങ്ങിയ ബ്രസീലിന് കൊറിയ അത്ര എളുപ്പത്തില്‍ പരാജയപ്പെടുത്താവുന്ന ഒരു ടീം അല്ലെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പ് മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചവരാണ് അവര്‍. 

നെയ്മറിന്റെ പരിക്ക് മാത്രമല്ല ബ്രസീലിന്റെ ആശങ്ക. ഗബ്രിയേല്‍ ജെസ്യൂസും അലക്‌സ് ടെല്ലസും ഈ കളിക്കുണ്ടാവില്ല. അലക്‌സ് സാന്‍ഡ്രോയും ഡാനിലോയും പരിക്കിന്റെ പിടിയിലാണ്. സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍, 2018 ലോകകപ്പിലെ അര്‍ജന്റീനയുടെ അവസ്ഥയാകും ബ്രസീലിന് ഇത്തവണ. അന്ന് അര്‍ജന്റീനയെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പിച്ച ഫ്രാന്‍സ് ഒടുവില്‍ കപ്പെടുത്തു. എന്നാല്‍ ദക്ഷിണ കൊറിയക്കെതിരെ പരാജയപ്പെട്ടാല്‍ അരാധകര്‍ ഒരിക്കലും പൊറുക്കില്ല.

Read Also: എംബാപ്പെയുടെ ഗോൾ വേട്ട തുടരുന്നു; പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ

അര്‍ജന്റീന ഇതിനകം തന്നെ ക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വന്തമാക്കിക്കഴിഞ്ഞു. ഇംഗ്ലണ്ടും ഫ്രാന്‍സും ക്വാര്‍ട്ടറിലെത്തി. ഇതോടെ കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ കടുത്ത ആശങ്കയിലാണ്. ഫാന്‍ ഫൈറ്റുകളില്‍ പലപ്പോഴും സംഭവിക്കുന്ന കൂട്ട ആക്രമണം ഇത്തവണ തങ്ങള്‍ ഒറ്റയ്ക്ക് നേരിടേണ്ടി വരുമോ എന്നതാണ് അവരുടെ ഭയം. ഗ്രൂപ്പ് മത്സരങ്ങളില്‍ തന്നെ പുറത്താകേണ്ടിവന്ന ജര്‍മനി ആരാധകരും തക്കം പാര്‍ത്തിരിക്കുകയാണ്. നെയ്മര്‍ പരിക്ക് മാറി കളത്തിലിറങ്ങിയാല്‍ വിജയം തങ്ങള്‍ക്കൊപ്പം തന്നെ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ ഫാന്‍സ്. 

ഈ ലോകകപ്പില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കളിയുണ്ട്. അത് സെമി ഫൈനലാണ്. ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ സാധ്യതയുള്ള മത്സരം. അതിന് രണ്ട് പേരും ആദ്യം ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കേണ്ടതുണ്ട്. ഇപ്പോഴത്തെ ഫോമില്‍ അര്‍ജന്റീനയ്ക്ക് അക്കാര്യത്തില്‍ ഒരു ആശങ്കയും ഇല്ല. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള ബ്രസീലിന് ആത്മവിശ്വാസത്തോടെ കളിക്കാനായില്ലെങ്കില്‍ എല്ലാം കൈവിട്ടുപോവുകയും ചെയ്യും. ആറാം ലോകകപ്പ് ഷെൽഫിലെത്തിക്കാൻ ടിറ്റെയുടെ പടയ്ക്ക് കഴിയുമോ? കള‍ർ ടിവി വന്നതിന് ശേഷം ലോകകപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ലെന്ന ചീത്തപ്പേര് സ്കളോനിയ്ക്ക് കഴിയുമോ? കാത്തിരുന്നു കാണാം...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News