കൊല്ലം ;ദേശീയ സീനിയര്‍ വനിതാഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആരെന്ന് ചോദിച്ചാല്‍ ഹോക്കി പ്രേമികള്‍ക്ക് ഒരേ ഒരു ഉത്തരം മാത്രമേ ഉള്ളൂ. പേര് രജ്‌നീ ബാല.വയസ് 22. സ്വദേശം പഞ്ചാബിലെ ഗുര്‍ദാസ്പുര്‍. ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായ എസ്.എസ്.ബി(സശസ്ത്രസീമാബല്‍)ക്യാപ്ടന്‍ കൂടിയാണ് ഈ പതിനൊന്നാം നമ്പര്‍താരം. പൂള്‍ മത്സരങ്ങളില്‍ തുടങ്ങി ക്വാര്‍ട്ടര്‍ ഫൈനലും സെമിഫൈനലും അനായാസം കടന്ന് ത്രസിപ്പിക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ എസ് എസ് ബി കിരീടം ഉയര്‍ത്തിയപ്പോള്‍ കളിയിലെ മാസ്മരികതയിലൂടെ ടീമിന് വിജയത്തിന്റെ രസക്കൂട്ട് ഒരുക്കിയത് രജ്‌നീ ബാലയാണ്.
എതിര്‍ ടീമുകളെ ഗോള്‍ മഴയില്‍ മുക്കി ടൂര്‍ണമെന്റില്‍ തുടരെ തകര്‍പ്പന്‍ വിജയങ്ങള്‍ എസ് എസ് ബി ടീം സ്വന്തമാക്കിയപ്പോള്‍ ഹോക്കി പ്രേമികളുടെ മുഴുവന്‍ ശ്രദ്ധയും രജ്‌നിയുടെ കളിമികവിലായിരുന്നു. ഡ്രിബ്ലിംഗിലും സ്റ്റാമിനയിലും വേഗതയിലുമെല്ലാം ഒന്നിനൊന്ന് മികച്ചുനിന്ന രജ്‌നീ ഹോക്കിപ്രേമികളുടെ മനസ്സില്‍ ഇടം നേടി.മധ്യനിരയില്‍ കളം നിറഞ്ഞുകളിക്കുന്ന രജ്‌നീ ബാല എസ് എസ് ബി ടീമിന്റെ മുത്താണ്. സോം രാജ്- കരംജീത് ദമ്പതികളുടെ മകള്‍ ഹോക്കിയില്‍ ഇതിനകം സ്വന്തമാക്കിയത് അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്.
ഇന്ത്യന്‍ ജൂനിയര്‍ ക്യാംപിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രജ്‌നീബാലയുടെ സ്വപ്‌നം ഇന്റര്‍നാഷണല്‍ ജഴ്‌സിയാണ്. എസ് എസ് ബി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍-നാഷണല്‍ തലത്തില്‍ വെള്ളിമെഡല്‍, ദേശീയ സ്‌കൂള്‍ തലത്തില്‍ വെള്ളി മെഡല്‍ തുടങ്ങി രജ്‌നീബാലയുടെ നേട്ടങ്ങള്‍ ഒത്തിരിയുണ്ട്. ജഗദീഷ് രാജും ജോഗ് രാജും ആണ് രജ്‌നീ ബാലയുടെ സഹോദരങ്ങള്‍. പിതാവ് സോംരാജാണ് രജ്‌നീ ബാലയുടെ റോള്‍ മോഡല്‍.ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ ഇതാദ്യമായി എസ് എസ് ബി ടീം കപ്പെടുക്കുമ്പോള്‍ അതിന്റെ ക്യാപ്ടനായിരിക്കാനുള്ള നിയോഗം രജ്‌നീ ബാലയ്ക്കാണ്.
അടുത്ത സീസണില്‍ എസ് എസ് ബി ടീം കളിക്കുക കരുത്തര്‍ മാറ്റുരക്കുന്ന എ ഡിവിഷനിലായിരിക്കും. ഗ്ലാമര്‍ ഡിവിഷനില്‍ ടീമിന്റെ സ്ഥാനക്കയറ്റത്തില്‍ അങ്ങേയറ്റം ആഹ്‌ളാദത്തിലാണ് രജ്‌നീ ബാല.കേരളത്തെ കുറിച്ചും കൊല്ലം അസ്‌ട്രോടര്‍ഫ് സ്റ്റേഡിയത്തെ കുറിച്ചും രജ്‌നീ ബാലയ്ക്ക് നല്ല അഭിപ്രായമാണ് ഉള്ളത്.കേരളീയ ഭക്ഷണവും ഈ പഞ്ചാബുകാരിക്ക് ഏറെ ഇഷ്ടം. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ പോലീസ് സേനയായ എസ് എസ് ബിയില്‍ ഉദ്യോഗസ്ഥയാണ് രജ്‌നീബാല.