ഗ്ലാസ്ഗോയില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മെഡല്‍ ഉറപ്പിച്ച സൈന നെഹ്‌വാള്‍ സെമിഫൈനലില്‍ തോറ്റു. ജപ്പാന്‍റെ നസോമി ഒകുഹാറയോട് മൂന്നു സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്.
ആദ്യ സെറ്റ് അനായാസം കൈപിടിയിലോതുക്കിയ സൈനയ്ക്ക് പക്ഷേ രണ്ടാം സെറ്റില്‍ പിഴച്ചു. നസോമി ഒകുഹാറ മികച്ച തിരിച്ചുവരവ് നടത്തി രണ്ടാം സെറ്റ് സ്വന്തമാക്കി. എന്നാല്‍, മൂന്നാം സെറ്റ് ഏകപക്ഷീയമായി ഒകുഹാറ സ്വന്തമാക്കി. തോറ്റെങ്കിലും വെങ്കല മെഡല്‍ സൈനയ്ക്ക് സ്വന്തം.
സ്കോര്‍: 12-20, 21-17, 21-10
ഇന്നലെ ചൈനയുടെ സൺ യുവയെ നേരിട്ടുള്ള സെറ്റുകൾക്കു മറികടന്ന് പി.വി സിന്ധുവും സെമിഫൈനലില്‍ പ്രവേശിച്ചിരുന്നു. ചൈനയുടെ തന്നെ ഒന്‍പതാം സീഡ് യുഫെയ് ചെന്നാണ് സെമിയില്‍ സിന്ധുവിന്‍റെ എതിരാളി. തായ്‌ലന്‍ഡിന്‍റെ രത്ചനോക്ക് ഇന്തനോനിനെയാണ് ചെന്‍ ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്. സിന്ധുവിന്‍റെ സെമിഫൈനല്‍ മത്സരവും അല്‍പ്പ സമയത്തിനകം നടക്കും.
അതേസമയം, മെഡല്‍ പ്രതീക്ഷയായ ഇന്ത്യന്‍ താരം കെ ശ്രീകാന്ത് ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ സോണ്‍ വാന്‍ ഹൊയാങ്ങിനോട് നേരിട്ടുളള സെറ്റുകള്‍ക്ക് തോറ്റ് സെമി കാണാതെ പുറത്തായിരുന്നു.