ലോകകപ്പ്‌: തീ പാറും പോരാട്ടം നാളെ, കപ്പിന് പുതിയ അവകാശിയും!!

12ാമത് ലോകകപ്പിന് നാളെ കലാശപ്പോരാട്ടം... ആര് കിരീടത്തില്‍ മുത്തമിടും? ഇംഗ്ലണ്ടോ അതോ ന്യൂസിലാന്‍ഡോ? ലോകകപ്പ് കിരീടം ബാലികേറാമലയായിരുന്ന ഇരു ടീമുകള്‍ തമ്മിലുള്ള പോരാട്ടം ആവേശജനകമായിരിക്കുമെന്നുറപ്പ്... 

Last Updated : Jul 13, 2019, 11:33 AM IST
ലോകകപ്പ്‌: തീ പാറും പോരാട്ടം നാളെ, കപ്പിന് പുതിയ അവകാശിയും!!

ലോര്‍ഡ്സ്: 12ാമത് ലോകകപ്പിന് നാളെ കലാശപ്പോരാട്ടം... ആര് കിരീടത്തില്‍ മുത്തമിടും? ഇംഗ്ലണ്ടോ അതോ ന്യൂസിലാന്‍ഡോ? ലോകകപ്പ് കിരീടം ബാലികേറാമലയായിരുന്ന ഇരു ടീമുകള്‍ തമ്മിലുള്ള പോരാട്ടം ആവേശജനകമായിരിക്കുമെന്നുറപ്പ്... 

ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനത്ത് ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ നാളെ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്നവര്‍ക്ക് ഇത് കന്നി കിരീടം. 

ആതിഥേയരായ ഇംഗ്ലണ്ട് നിരവധി തവണ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ വിജയം കൈപിടിയില്‍ ഒതുക്കാനായില്ല. എന്നാല്‍ ഇത്തവണ സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ പ്രവേശം. അതേസമയം, ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ്‌ കലാശപ്പോരാട്ടത്തിന് എത്തുന്നത്.

രണ്ട് തുല്യ ശക്തികളുടെ പോരാട്ടമാണ് നാളെ നടക്കുക. എന്നാല്‍, ആതിഥേയരെന്ന ആനുകൂല്യം ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇരു ടീമുകളും ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയത് 90 തവണ. ഇതില്‍ 43 തവണ ന്യൂസിലാന്‍ഡ് ജയം നേടിയപ്പോള്‍ ഇംഗ്ലണ്ട് ജയിച്ചത് 41 തവണ. 

ക്രിക്കറ്റിന്‍റെ തറവാട്ടുകാരാണെങ്കിലും ഇതുവരെയും ലോകകപ്പില്‍ മുത്തമിടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. കലാശപോരാട്ടത്തിന് തന്നെ അവര്‍ അര്‍ഹത നേടിയത് 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1992ലാണ്. അന്ന് പാക്കിസ്ഥാനോട് 22 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ ടീമിന് പിന്നെ ഇതുവരെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ സെമിയില്‍ ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത ഓയന്‍ മോര്‍ഗനും സംഘവും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

എന്നാല്‍, മറുവശത്ത് തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് കെയ്ന്‍ വില്യംസണിന്‍റെ ന്യൂസിലാന്‍ഡ് തയ്യാറെടുക്കുന്നത്. പക്ഷേ കിരീടം എന്നത് അവര്‍ക്കും നിലവില്‍ സ്വപ്‌നം മാത്രമാണ്. ഇത്തവണ കരുത്തരായ ഇന്ത്യയെ 18 റണ്‍സിന് തകര്‍ത്താണ് ഇവര്‍ ഫൈനലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ ഓസ്ട്രേലിയയോട് ഏഴു വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡ് പരാജയപ്പെട്ടത്.

കൂടാതെ, ലീഗ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യയെ പരാജയപ്പെടുത്തിയ രണ്ട് ടീമുകള്‍ തമ്മിലാണ് ഇത്തവണത്തെ ലോകകപ്പ്‌ പോരാട്ടമെന്നത് മറ്റൊരു സവിശേഷത!!

ക്രിക്കറ്റിന്‍റെ മക്കയായ ലോര്‍ഡ്സില്‍ നടക്കുന്ന കലാശപോരാട്ടത്തില്‍ ആരാവും കപ്പിന്‍റെ പുതിയ അവകാശികള്‍...  എല്ലാ കണ്ണുകളും ഇനി ലോര്‍ഡ്സിലേയ്ക്ക്... 

Trending News