ജിയോ വിയര്‍ക്കുന്നു; എയർടെലിന് 2.1 കോടി പുതു വരിക്കാർ!!

പ്രവര്‍ത്തനം തുടങ്ങിയ അന്നുമുതല്‍ വിജയവഴിയില്‍ കുതിക്കുന്ന ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ.

Last Updated : Feb 12, 2020, 05:25 PM IST
ജിയോ വിയര്‍ക്കുന്നു; എയർടെലിന് 2.1 കോടി പുതു വരിക്കാർ!!

മുംബൈ: പ്രവര്‍ത്തനം തുടങ്ങിയ അന്നുമുതല്‍ വിജയവഴിയില്‍ കുതിക്കുന്ന ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ.

എന്നാലിപ്പോള്‍ ആദ്യമായി ജിയോ തിരിച്ചടി നേരിട്ടുവെന്നാണ് ഭാരതി എയര്‍ടെല്ലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകൾക്ക് മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള റിലയൻസ് ജിയോയുടെ തീരുമാനം ഉപയോക്താക്കളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 

ഒക്ടോബര്‍ 10നാണ് മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകൾക്ക് മിനിറ്റിന് 6 പൈസയാക്കിയത്.

ഭാരതി എയർടെല്ലിന്റെ മൂന്നാം പാദ കണക്കുകൾ പ്രകാരമാണ് റിപ്പോര്‍ട്ട്. ഐയുസി ചാർജ് ഈടാക്കാൻ തുടങ്ങിയതും നിരക്കുകൾ കൂട്ടിയതും ജിയോയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

വരിക്കാരുടെ എണ്ണത്തിൽ എയർടെൽ വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. മൂന്നാം പാദത്തിൽ മാത്രം എയർടെൽ സ്വന്തമാക്കിയത് 2.1 കോടി പുതിയ വരിക്കാരെയാണ്.

ഭാരതി എയർടെലിന് ആദ്യമായാണ് ഒരു പാദത്തിൽ 2.1 കോടി 4 ജി വരിക്കാരെ ലഭിക്കുന്നത്. ഭാരതി എയർടെൽ 2019 ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തിൽ വരിക്കാരുടെ എണ്ണം കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ മൊത്തം 4 ജി ഉപയോക്താക്കളുടെ എണ്ണം 123.8 ദശലക്ഷമാണ്.

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള പാദത്തില്‍ എയര്‍ടെല്ലിന്‍റെ 4ജി ഉപയോക്താക്കളുടെ എണ്ണം 123.8 ദശലക്ഷമായി വര്‍ദ്ധിച്ചു. 2018 ല്‍ ഇതേ കാലയളവില്‍ എയര്‍ടെല്ലിന്‍റെ യൂസര്‍ബേസ് 77.1 ദശലക്ഷമായിരുന്നു. 

ഇതില്‍ നിന്നും ഒരുവര്‍ഷത്തില്‍ എയര്‍ടെല്‍ 4ജി ഉപയോക്താക്കളുടെ എണ്ണം 60.6 ശതമാനം വര്‍ദ്ധിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ 4 ജി ഉപയോക്താക്കൾക്ക് ഇരട്ട സിം ഫോണുകളുണ്ട്. 

സ്ലോട്ടുകളിലൊന്ന് എല്ലായ്പ്പോഴും ജിയോ ഉപയോഗിക്കുന്നു. മറ്റൊന്ന് എയർടെൽ, വോഡഫോൺ ഐഡിയ അല്ലെങ്കിൽ ബി‌എസ്‌എൻ‌എൽ പോലുള്ള എതിരാളി ഓപ്പറേറ്ററിൽ നിന്നുള്ള ഒരു സിം ആയിരിക്കും. 

ഇതിനാൽ തന്നെ നിരക്കിലെ ചെറിയൊരു മാറ്റം പോലും ഉപഭോക്താക്കളെ മറ്റൊരു സിം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. ഫ്രീ നൽകിയിരുന്ന ജിയോയെ പോലും ഉപഭോക്താക്കൾ ഒഴിവാക്കി മറ്റു നെറ്റ്‍വർക്കുകളിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. 

Trending News