അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സ്വന്തം എയർ ഫോഴ്‌സ്-വൺ, മറൈൻ വൺ...!!

അമേരിക്കൻ പ്രസിഡന്‍റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ള ബോയി൦ഗ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് എയർ ഫോഴ്‌സ്-വൺ. ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള വിമാനമായാണ് എയർ ഫോഴ്‌സ്-വൺ അറിയപ്പെടുന്നത്.

Last Updated : Feb 24, 2020, 02:53 PM IST
അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സ്വന്തം എയർ ഫോഴ്‌സ്-വൺ, മറൈൻ വൺ...!!

അമേരിക്കൻ പ്രസിഡന്‍റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ള ബോയി൦ഗ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് എയർ ഫോഴ്‌സ്-വൺ. ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള വിമാനമായാണ് എയർ ഫോഴ്‌സ്-വൺ അറിയപ്പെടുന്നത്.

നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ എയർ ഫോഴ്‌സ്-വൺ.

"പറക്കും വൈറ്റ്ഹൗസ്" എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളിൽ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്.

25 കോടി ഡോളർ വില വരുന്ന ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങളാണ് അമേരിക്കൻ പട്ടാളത്തിന്‍റെ പക്കലുണ്ട്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലാണ് എയർഫോഴ്‌സ്‌ വൺ.

മണിക്കൂറിൽ 1014 കിലോമീറ്റർ സഞ്ചരിക്കുന്ന ഇവയ്ക്ക് 12.550 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാനാവും. ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഇവയ്ക്ക് അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത. മണിക്കൂറിൽ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്.

1963 നവംബർ 22ന് പ്രസിഡന്റ് ജോൺ എഫ് കെന്നഡി വെടിയേറ്റു മരിച്ചു മണിക്കൂറുകൾക്കുശേഷം അടുത്ത പ്രസിഡന്‍റായി ലിൻഡൻ ജോൺസൺ സത്യപ്രതിജ്ഞ ചെയ്തത് എയർഫോഴ്‌സ് വണ്ണിനുള്ളിൽ വച്ചായിരുന്നു. കൂടാതെ, ബാരക് ഒബാമയുടെ കാലയളവില്‍ എയർ ഫോഴ്‌സ്-വൺ പല ചര്‍ച്ചകള്‍ക്കും വേദിയായിരുന്നിട്ടുണ്ട്.

എന്നാല്‍, എയർ ഫോഴ്‌സ്-വൺ എന്ന ജംബോ ജെറ്റ് വിമാനം കൂടാതെ, പ്രസിഡന്‍റ് ഉപയോഗിക്കുന്ന ഒരു ചോപ്പർ (ഹെലികോപ്റ്റർ )ഉണ്ട്. അതാണ് മറൈൻ വൺ. അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വ്യോമയാനമാണ് മറൈൻ വൺ ഹെലികോപ്റ്റർ. ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന എയർ ഫോഴ്സ് വൺ വിമാനം പോലെ, പ്രസിഡന്‍റിന്‍റെ ഹ്രസ്വ ദൂരയാത്രകൾക്കു വേണ്ടി പ്രത്യേകം തയ്യാർ ചെയ്യപ്പെട്ട ഹെലികോപ്റ്ററാണ് മറൈൻ വൺ.

 

1957 ജൂലൈ 12ന് ഐസൻഹോവറാണ്‌ മറൈൻ വൺ ആദ്യമായി ഉപയോഗിച്ച അമേരിക്കൻ പ്രസിഡന്‍റ്.

എന്നാല്‍, പ്രധാനമായ വസ്തുത, മറൈൻ വൺ ഒരു ഹെലികോപ്റ്ററല്ല, പ്രത്യേകമായി നിർമ്മിച്ച സെക്യൂരിറ്റി ഹെലികോപ്റ്ററുകളുടെ ഒരു കൂട്ടമാണ്. പ്രസിഡന്‍റ് സഞ്ചരിക്കുന്നത് ഇവയിയിലേതുമാവാം.

അമേരിക്കൻ സായുധ സേനയിലെ ‘നൈറ്റ് ഹോക്സ്’ എന്നറിയപ്പെടുന്ന മറൈൻ ഹെലികോപ്റ്റർ സ്ക്വാഡ്രൺ വണ്ണിലെ സികോർസ്‌കി VH 3D സീകിംഗ് ഹെലികോപ്റ്ററോ, അല്ലെങ്കിൽ VH 60N ‘വൈറ്റ് ഹോക്’ ഹെലികോപ്റ്ററോ ആയിരിക്കും മറൈൻ വൺ ആയി തിരഞ്ഞെടുക്കുക. വ്യോമയാന ലൈവറി പ്രകാരം, വൈറ്റ് ടോപ് വിഭാഗത്തിൽപ്പെട്ടതാവും ഇവ രണ്ടും.

രാത്രിയോ പകലോ എന്ന ഭേദമില്ലാതെയാക്കുന്ന ശക്തിയേറിയ പ്രത്യേക ലൈറ്റുകളുടെ വെളിച്ചത്തിലായിരിക്കും മറൈൻ വൺ സഞ്ചരിക്കുക. കൊടുങ്കാറ്റും പേമാരിയോ മുതലായ ഏതൊരു വിധ പ്രതികൂല കാലാവസ്ഥയും ഹെലികോപ്റ്ററിനെ ബാധിക്കില്ല. അവയെല്ലാം തരണം ചെയ്യാൻ പ്രത്യേക സംവിധാനങ്ങളൊരുക്കിയാണ് മറൈൻ വൺ നിർമ്മിക്കുന്നത്.

HMX വൺ എന്നറിയപ്പെടുന്ന മറൈൻ ഹെലികോപ്റ്റർ സ്ക്വാഡ്രണിലെ ഏറ്റവും മികച്ച പൈലറ്റുമാരായിരിക്കും മറൈൻ വൺ പറത്തുക. ബീസ്റ്റ് ഡ്രൈവർമാരെ പോലെ, സി.ഐ.എ പരിശീലനം കൊടുത്ത ലോകത്തിലെ ഏറ്റവും മികച്ച പോരാളികളുമായിരിക്കും ഇവർ.

സാധാരണ, ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത അഞ്ച് ഹെലികോപ്റ്ററുകള്‍ക്കൊപ്പമാണ് മറൈന്‍ വണ്‍ പറക്കുക. ഡീക്കോയ് ഹെലികോപ്റ്ററുകള്‍ എന്നറിയപ്പെടുന്ന മറ്റു ഹെലികോപ്റ്ററുകളില്‍, പ്രസിഡന്‍റിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും. നേരിട്ടുണ്ടാവുന്നൊരു ആക്രമണത്തില്‍ സംഭവിച്ചേക്കാവുന്ന അപകട സാധ്യതകള്‍ ഈ മുന്‍കരുതലില്‍ പകുതിയായി കുറയും.

മൂന്ന് എന്‍ജിനുകളുടെ സമ്ബൂര്‍ണ്ണ സുരക്ഷയോടൊപ്പം, തികച്ചും മിസൈല്‍പ്രൂഫ് ആണ് മറൈന്‍ വണ്‍. റഡാര്‍ ജാമറുകള്‍ ഡീക്കോയ് ഫ്ളെയറുകള്‍ തുടങ്ങിയ പ്രാരംഭ പ്രതിരോധ ഉപാധികള്‍ മുതല്‍ ഏറ്റവും മികച്ച മിസൈല്‍ ആര്‍മര്‍, മിസൈല്‍ വാണിംഗ് സംവിധാനം, മിസൈല്‍ പ്രതിരോധ സംവിധാനം എന്നിവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 200 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുണ്ട് ഈ ഹെലികോപ്റ്ററി+ന്‍റെ ഉള്‍വശത്തിന്. ഒരേ സമയം, 14 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഇതിനുണ്ട്. അഥവാ എന്‍ജിനുകളില്‍ ഒന്ന് പ്രവര്‍ത്തന രഹിതമായാലും നിഷ്പ്രയാസം മറൈന്‍ വണ്‍ മുന്നോട്ടു തന്നെ കുതിക്കും.

പ്രസിഡന്‍റിന് മാത്രമായുള്ള പ്രത്യേക ലൈനുകളും, സദാസമയം വൈറ്റ് ഹൗസും പെന്‍റഗണുമായി ബന്ധം പുലര്‍ത്തുന്ന റേഡിയോ ഫ്രീക്വന്‍സികളും മറൈന്‍ വണ്ണില്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.

ഈ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാം നിഷ്ഫലമായാലും അടിയന്തരഘട്ടങ്ങളില്‍ പ്രസിഡണ്ടിനെ എയര്‍ ഡ്രോപ്പ് ചെയ്യാനുള്ള മൂന്ന് മിനിപാരഷൂട്ട് ഘടിപ്പിച്ച എസ്കേപ്പ് പോഡുകളും മറൈന്‍ വണ്ണില്‍ സദാ സജ്ജമായിരിക്കും. GPS, TCAS കൂടാതെ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷയ്ക്ക് വേണ്ടി മാത്രമുള്ള സ്പെഷ്യല്‍ നാവിഗേഷന്‍ സിസ്റ്റവും ഇതില്‍ ഉണ്ടാവും. ലോകത്തിലെ ഏറ്റവും മികച്ച ശബ്ദനിയന്ത്രണ സംവിധാനം മറൈന്‍ വണ്ണിന് അകത്തും പുറത്തുമുണ്ടാവും. അതിനാല്‍ത്തന്നെ ഓഫീസില്‍ സംസാരിക്കുന്നത്ര താഴ്ന്ന ശബ്ദത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റിന് ഇതിനകത്ത് സംസാരിക്കാന്‍ സാധിക്കും.

6 മറൈന്‍ വണ്‍ ഹെലികോപ്റ്ററുകളും സി-5 ഗ്യാലക്സി, അല്ലെങ്കില്‍ സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങളിലായിരിക്കും ലോകത്തെവിടെയും കൊണ്ടുപോവുക.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, അമേരിക്കന്‍ പ്രസിഡന്‍റ് മറൈന്‍ വണ്ണില്‍ ഉണ്ടെങ്കില്‍, കടലിലോ കരയിലോ ഹെലികോപ്റ്റര്‍ താഴെ ഇറങ്ങിയിട്ടുണ്ടെങ്കില്‍, പ്രസിഡന്‍റിന്‍റെ സുരക്ഷയ്ക്കായി ഒരു മറൈന്‍ യൂണിറ്റ് മുഴുവന്‍ ആ പരിസരത്ത് എവിടെയെങ്കിലുമുണ്ടാവും. അവര്‍ മറൈന്‍ യൂണിറ്റിനെ കാണുന്നില്ലെങ്കിലും, മറൈന്‍ യൂണിറ്റവരെ കാണുന്നുണ്ടാകും.

ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്, പ്രസിഡണ്ടുമായി വളരെ അടുപ്പമുണ്ടായിരുന്ന അരിസോണയില്‍ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവായ ബ്രൂസ് ബബ്ബിറ്റ് ഈയടുത്ത് ഒരു വെളിപ്പെടുത്തല്‍ നടത്തി. ക്ലിന്റണുമായി വളരെ രഹസ്യമായി നടത്തേണ്ടിയിരുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് സ്ഥലമായി നിശ്ചയിച്ചത് ഗ്രാന്‍ഡ് കാന്യണ്‍ പര്‍വതനിരകളായിരുന്നു. പ്രസിഡണ്ട് എത്തുന്നതിനു മുന്‍പേ അവിടെയും ഒരു മറൈന്‍ യൂണിറ്റ് അദ്ദേഹത്തെ കാത്തു നിന്നിരുന്നുവത്രേ! സൂര്യനു താഴെ അമേരിക്കന്‍ പ്രസിഡണ്ട് എവിടെ പറന്നിറങ്ങിയാലും, അദ്ദേഹത്തെ അവിടെ ഒരു മറൈന്‍ കാത്തു നില്‍ക്കുന്നുണ്ടാവും.

ഒരു കാര്യം പറയാം, 16 അടി 10 ഇഞ്ച് ഉയരവും, 72 അടി 8 ഇഞ്ച് നീളവുമുള്ള ഈ കൂറ്റന്‍ വ്യോമയാനത്തില്‍, ഭൂമിയില്‍ ഇന്നേവരെ കണ്ടുപിടിച്ചിട്ടുള്ള എല്ലാ ആക്രമണ സംവിധാനങ്ങളും, പ്രതിരോധ സംവിധാനങ്ങളും കാണുമെന്നുറപ്പാണ്.

Trending News