ഇറാനിൽ വധശിക്ഷ വർധിക്കുന്നു; വധശിക്ഷ വിധിക്കുന്നത് നിസാര കുറ്റകൃത്യങ്ങൾക്കെന്ന് ആരോപണം

മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനമാണ് ഇറാനിൽ വധശിക്ഷ വർധിച്ചിരിക്കുന്നത്

Written by - ടിറ്റോ തങ്കച്ചൻ | Edited by - Roniya Baby | Last Updated : Apr 29, 2022, 11:45 AM IST
  • കഴിഞ്ഞ വർഷം 333 പേരെ ഇറാൻ പല കുറ്റങ്ങളും ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ചു
  • ഇതിൽ 126 പേരെ ലഹരി വസ്തുക്കൾ കടത്തിയ കുറ്റം ആരോപിച്ചാണ് വധിച്ചതെന്നാണ് കണക്കുകൾ പറയുന്നത്
  • ലോകത്ത് നിലനിൽക്കുന്ന നിയമങ്ങൾ പ്രകാരം പൊതുവേ വധശിക്ഷ സാധാരണയായി നൽകുന്നത് അപൂർവങ്ങളിൽ അപൂർവങ്ങളായ കുറ്റകൃത്യങ്ങൾക്കാണ്
  • എന്നാൽ ഇറാനിൽ സാധാരണ കുറ്റകൃത്യങ്ങൾക്ക് പോലും വധശിക്ഷയ്ക്ക് വിധിക്കപ്പെടുമെന്നതാണ് ‌അവസ്ഥ
ഇറാനിൽ വധശിക്ഷ വർധിക്കുന്നു;  വധശിക്ഷ വിധിക്കുന്നത് നിസാര കുറ്റകൃത്യങ്ങൾക്കെന്ന് ആരോപണം

പരിഷ്കൃത സമൂഹം വധശിക്ഷയെ ശക്തമായി എതിർക്കുന്നുണ്ട്. കുറ്റത്തിൻറെ കാഠിന്യം എത്ര വലുതാണെങ്കിലും അതിനുള്ള ശിക്ഷ മരണമല്ലെന്ന് വലിയൊരു വിഭാഗം ജനങ്ങളും ഒരു പോലെ പറയുന്നു. ഒരു കുറ്റത്തിന് മരണ ശിക്ഷ വിധിച്ചാൽ കുറ്റവാളിക്ക് എങ്ങനെ മാനസാന്തരമുണ്ടാകുമെന്നും ശിക്ഷ കൊണ്ടുള്ള ഉദ്ദേശലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് ഇതെന്നും വാദിക്കുന്നവരുണ്ട്. ചില സംഭവങ്ങളിൽ ഒരാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മരണശിക്ഷ വിധിച്ച് അത് നടപ്പിലാക്കിയ ശേഷമാകും അയാൾ നിരപരാധിയാണെന്ന് തെളിയുക. അത്തരം സന്ദർഭങ്ങളിൽ വധശിക്ഷ നടപ്പിലാക്കിയാൽ എങ്ങനെയാണ് അത് നീതിപൂർവമാകുകയെന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.

ഇത്തരം ചോദ്യങ്ങൾ ഉയരുമ്പോഴാണ് ഇറാനിൽ വധശിക്ഷ ഒരോ വർഷവും കൂടുന്നതായുള്ള റിപ്പോർട്ട് പുറത്തുവരുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർധനയാണ് രാജ്യത്ത് വധശിക്ഷയിൽ ഉണ്ടായിരിക്കുന്നത്. നോർവേ ആസ്ഥാനമായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് എന്ന സംഘടനയും ഫ്രാൻസിലെ ടുഗതർ എഗനിസ്റ്റ് ഡെത്ത് പെനാൽറ്റി എന്ന സംഘടനയുമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. അവരുടെ പഠനം അനുസരിച്ച് ഇറാനിലെ പുതിയ പ്രസിഡന്റ് ഇബ്രാഹീം റയ്‌സി അധികാരത്തിൽ എത്തിയ ശേഷം വധശിക്ഷ നൽകുന്ന സംഭവങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം 333 പേരെ ഇറാൻ പല കുറ്റങ്ങളും ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ചു. ഇതിൽ 126 പേരെ ലഹരി വസ്തുക്കൾ കടത്തിയ കുറ്റം ആരോപിച്ചാണ് വധിച്ചതെന്നാണ് കണക്കുകൾ പറയുന്നത്. 2020നെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ മാത്രമുള്ള വർധന അഞ്ച് ഇരട്ടിയാണ്.

ALSO READ: 'ഒന്നുകിൽ എന്റെ കൂടെ കിടക്കൂ, അല്ലെങ്കിൽ...'​ ​ഗർഭിണിയായ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് റഷ്യൻ സൈനികൻ

ലോകത്ത് നിലനിൽക്കുന്ന നിയമങ്ങൾ പ്രകാരം പൊതുവേ വധശിക്ഷ സാധാരണയായി നൽകുന്നത് അപൂർവങ്ങളിൽ അപൂർവങ്ങളായ കുറ്റകൃത്യങ്ങൾക്കാണ്. എന്നാൽ ഇറാനിൽ സാധാരണ കുറ്റകൃത്യങ്ങൾക്ക് പോലും വധശിക്ഷയ്ക്ക് വിധിക്കപ്പെടുമെന്നതാണ് ‌അവസ്ഥ. ലഹരിവസ്തുക്കൾ കടത്തുന്നത് വധശിക്ഷയ്ക്ക് വിധിക്കാൻ സാധിക്കുന്ന കുറ്റമായി രാജ്യാന്തര സമൂഹങ്ങൾ കരുതുന്നില്ല. എന്നാൽ ഇറാനിൽ ഇത് കൊടുംകുറ്റമാണ്. ദൈവത്തെ നിന്ദിച്ചുവെന്ന് ആരോപിച്ച് വധശിക്ഷ നൽകുന്ന സംഭവങ്ങളും ഇറാനിൽ പതിവാണ്. അതെ സമയം ഒരു കൊലപാതകം നടത്തിയ വ്യക്തിക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാകാമെന്നതും ഇറാൻ നിയമത്തിലെ പോരായ്മയാണ്.

17 സ്ത്രീകളെയാണ് കഴിഞ്ഞ വർഷം മാത്രം ഇറാനിൽ തൂക്കിലേറ്റിയത്. 2020നെ അപേക്ഷിച്ച് എട്ട് സ്ത്രീകളെയാണ് ഇറാൻ അധികമായി വധശിക്ഷയ്ക്ക് വിധിച്ചത്. 18 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളെയും ഇറാനിൽ കഴിഞ്ഞ വർഷം തൂക്കിലേറ്റി. ആകെ ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ വരുന്ന ഇസ്ലാം മതസ്ഥരല്ലാത്ത ന്യൂനപക്ഷങ്ങളുടെ ഇടയിലെ വധശിക്ഷയിൽ 21 ശതമാനത്തിൻറെ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം നടത്തിയ 333 വധശിക്ഷയിൽ 16.5 ശതമാനം വധശിക്ഷകൾ മാത്രമാണ് ഇറാൻ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മറ്റ് വധശിക്ഷകൾ ഇറാന് അകത്തുതന്നെയുള്ള പല കേന്ദ്രങ്ങൾ വഴിയാണ് പുറം ലോകം അറിഞ്ഞതെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News