ദക്ഷിണ കൊറിയയിൽ സംഭവിച്ച ചില കൊറോണ വൈറസ് മരണങ്ങളില്‍ പാസ്റ്റര്‍ക്കെതിരെ കേസ്. തലസ്ഥാനമായ സിയോളിലെ സര്‍ക്കാരാണ് 'ഷിന്‍ചെന്‍ജോയി ചര്‍ച്ച് ഓഫ് ജീസസ്' സ്ഥാപകനായ ലീ മാൻ-ഹീയ്ക്കെതിരെയും മറ്റ് 11പേര്‍ക്കെതിരെയും കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വൈറസ് പടരുന്നത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ രോഗബാധിതരെ ഒളിപ്പിച്ചുവെന്നാണ് കേസ്. കൂടാതെ, വൈറസ് പടര്‍ത്തിയതിനും ഇവര്‍ക്കെതിരെ കേസുണ്ട്.
ചൈനയ്ക്ക് ശേഷം കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ദക്ഷിണ കൊറിയ. രാജ്യത്ത് ഇതുവരെ 3,730 കൊറോണ കേസുകളും 21 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതില്‍ രോഗബാധിതരായവരില്‍ ഭൂരിഭാഗം പേരും 'ഷിന്‍ചെന്‍ജോയി ചര്‍ച്ച് ഓഫ് ജീസസി'ലെ അംഗങ്ങളാണ്. സഭയിലെ അംഗമായ 61കാരിയ്ക്കാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
പണി വകവയ്ക്കാതെ ഏകദേശം നാല് പ്രാര്‍ത്ഥന കൂട്ടായ്മകളിലാണ് ഇവര്‍ പങ്കെടുത്തത്. ഇവരില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് വൈറസ് പടര്‍ന്നതെന്നാണ് കരുതുന്നത്. അടുത്തടുത്തിരുന്നാണ് സഭാ൦ഗങ്ങള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത്. ഇതാണ് വൈറസ് വേഗം പടരാന്‍ കാരണമായിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.
എന്നാല്‍, നടപടിയ്ക്ക് പിന്നാലെ മാപ്പപേക്ഷയുമായി ലീ മാന്‍ ഹീ രംഗത്തെത്തി. മനപൂര്‍വമല്ലെങ്കിലും താന്‍ മൂലം നിരവധി പേര്‍ക്ക് രോഗബാധയുണ്ടായതായും ജനങ്ങളോട് ഖേദം പ്രകടിപ്പിക്കുന്നതായും ലീ മാന്‍ ഹീ പറഞ്ഞു.
തല കുനിച്ച് രണ്ടു തവണ തറയില്‍ മുട്ടിച്ചായിരുന്നു ലീ മാന്‍ ഹീയുടെ ഖേദപ്രകടനം. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തിയ സര്‍വേയില്‍ സഭയിലെ അംഗങ്ങളും നേതാക്കളും സഹകരിച്ചിരുന്നില്ല. ഇതിനു൦ സഭ മാപ്പ് പറഞ്ഞു.
കൂടാതെ, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അധികൃതര്‍ നടത്തുന്ന ഏത് പ്രതിരോധ നടപടികളും പൂര്‍ണമായി സ്വീകരിക്കുമെന്നും അതിനോട് സഹകരിക്കുമെന്നും ലീ മാന്‍ ഹീ പറഞ്ഞു.
സഭയിലെ 230,000 അംഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 9,000 പേരാണ് രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ റോമൻ കത്തോലിക്കാ പള്ളികള്‍ അടച്ചിട്ടിരിക്കുകയാണ്. പ്രധാന പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകൾ ഞായറാഴ്ചത്തെ സേവനങ്ങളും ബുദ്ധമത ചടങ്ങുകളും നിര്‍ത്തിവച്ചു.