Cyclone Sitrang: ബം​ഗ്ലാദേശിൽ വലിയ നാശം വിതച്ച് സിട്രാങ്; ഏഴ് മരണം, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജാ​ഗ്രത നിർദേശം

Bangladesh: ചുഴലിക്കാറ്റിന്റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ കോക്‌സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ തിങ്കളാഴ്ച ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 25, 2022, 08:36 AM IST
  • ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് മത്സ്യത്തൊഴിലാളികളോട് മത്സ്യബന്ധം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്
  • മത്സ്യബന്ധനത്തിന് പോയവർ എത്രയും വേ​ഗം മടങ്ങിയെത്തണമെന്നും നിർദേശമുണ്ട്
Cyclone Sitrang: ബം​ഗ്ലാദേശിൽ വലിയ നാശം വിതച്ച് സിട്രാങ്; ഏഴ് മരണം, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജാ​ഗ്രത നിർദേശം

ധാക്ക: ബം​ഗ്ലാദേശിൽ കനത്ത നാശം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. അപകടത്തെത്തുടർന്ന് ഫയർ സർവീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ നിരീക്ഷണ സെൽ പ്രവർത്തനമാരംഭിച്ചു. ധാക്ക, നാഗൽകോട്ട്, ചാർഫെസൺ, ലോഹഗര എന്നിവിടങ്ങളിൽ ശക്തമായി കൊടുങ്കാറ്റ് വീശിയതിനെ തുടർന്ന് നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. ബം​ഗ്ലാദേശിൾ ശക്തമായ മഴയും കാറ്റും തുടരുകയാണ്. ചുഴലിക്കാറ്റിന്റെയും മോശം കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ കോക്‌സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ തിങ്കളാഴ്ച ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

ശക്തമായ മഴയും ചുഴലിക്കാറ്റും തുടരുന്ന സാഹചര്യത്തിൽ 576 ക്യമ്പുകൾ ഒരുക്കിയിട്ടുണ്ടെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറ് മണി വരെ കുറഞ്ഞത് 28,155 ആളുകളെയും 2,736 മൃഗങ്ങളെയും കോക്‌സ് ബസാർ തീരത്ത് നിന്ന് ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റി. ആവശ്യമെങ്കിൽ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്നതിന് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് കോക്‌സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ മാമുനൂർ റഷീദ് പറഞ്ഞു. “ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് ഒഴിപ്പിക്കുന്നത് തുടരുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി അധികൃതരെ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

ALSO READ: Cyclone Sitrang: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി; 'സിട്രാങ്' ചൊവ്വാഴ്ച ബം​ഗ്ലാദേശ് തീരത്ത്, ജാ​ഗ്രത നിർദേശം

നാശനഷ്ടങ്ങളുടെ ആളപായങ്ങളും കുറയ്ക്കുന്നതിന് എല്ലാവരോടും ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായി എത്താൻ മറ്റുള്ളവരെ സഹായിക്കണമെന്നും റഷീദ് നിർദേശിച്ചു. അടിയന്തര സാഹചര്യത്തിൽ, സഹായിക്കാൻ കുറഞ്ഞത് 104 മെഡിക്കൽ ടീമുകളും ലഭ്യമാണ്. അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും ജനങ്ങൾക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം അനുസരിച്ച്, സിട്രാങ് ചുഴലിക്കാറ്റ്, തിങ്കളാഴ്ച വൈകുന്നേരം വടക്ക്-വടക്ക് കിഴക്കായി 28 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറ്, മധ്യ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് നീങ്ങുകയായിരുന്നു.

"ചുഴലിക്കാറ്റ് വടക്ക്-വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങുന്നത് തുടരാൻ സാധ്യതയുണ്ടെന്നും തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും ഇടവിട്ടുള്ള രാത്രിയിൽ ടിങ്കോണ ദ്വീപിനും സാൻഡ്‌വിപ്പിനും ഇടയിൽ ബാരിസലിന് സമീപം ബംഗ്ലാദേശിന്റെ തീരം കടക്കുമെന്ന് പ്രതീക്ഷിക്കുന്നു" എന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രസ്താവനയിൽ പറയുന്നു. ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങൾ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയും രാജ്യത്തിന്റെ കിഴക്കൻ തീരത്ത് സിട്രാങ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് മത്സ്യത്തൊഴിലാളികളോട് മത്സ്യബന്ധം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവർ എത്രയും വേ​ഗം മടങ്ങിയെത്തണമെന്നും നിർദേശമുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സാഗർ രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: Cyclone Sitrang : സിട്രാങ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇടി മിന്നലൊടു കൂടിയ ശക്തമായ മഴക്ക് സാധ്യത

പശ്ചിമ ബംഗാൾ: സിത്രാംഗ് ചുഴലിക്കാറ്റിന്റെ ആഘാതം മൂലം ഉണ്ടായേക്കാവുന്ന ഏത് നാശത്തെയും നേരിടാൻ പശ്ചിമ ബംഗാൾ സർക്കാർ ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും അഭയകേന്ദ്രങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. ദുരന്തനിവാരണ വിഭാഗത്തിൽ നിന്നുള്ള സംഘങ്ങളും എസ്ഡിആർഎഫിന്റെയും എൻഡിആർഎഫിന്റെയും സംഘങ്ങളും സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഒഡിഷ: ഒഡിഷയുടെ വടക്കൻ തീരപ്രദേശത്ത് ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐഎംഡി) ശാസ്ത്രജ്ഞനായ ഉമാശങ്കർ ദാസ് ഭുവനേശ്വറിൽ എഎൻഐയോട് പറഞ്ഞു. "പശ്ചിമ ബംഗാളിലും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് ത്രിപുര, മേഘാലയ, തെക്കൻ അസം എന്നിവിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നു." സിട്രാങ് ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി 15 കിലോമീറ്റർ വേഗതയിൽ വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒഡിഷയിൽ തീരദേശ ജില്ലകളായ കേന്ദ്രപാര, ജഗത്സിംഗ്പൂർ, പുരി എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ ബാലസോർ, ഭദ്രക്, ജാജ്പൂർ, കേന്ദ്രപദ, ജഗത്സിംഗ്പൂർ, കട്ടക്ക് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News