Aerial Taxi: 'പറക്കും ടാക്‌സി' സ്‌റ്റേഷനുകളുടെ ഡിസൈന്‍ അംഗീകരിച്ചു; മണിക്കൂറില്‍ 300 കിമീ വരെ വേഗത്തില്‍ പറക്കാം...

Dubai Aerial Taxi: 2026 ഓടെ ദുബായിൽ 'പറക്കും ടാക്സി' സേവനം പ്രാബല്യത്തിൽ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോഡ് വഴിയുടെ ഗതാഗതത്തിലെ തിരക്കുകൾക്ക് വലിയ പരിഹാരമാകും എന്നാണ് കരുതുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 04:03 PM IST
  • വെർട്ടിപോർട്സ് എന്നാണ് ഈ പറക്കും ടാക്സികളുടെ സ്റ്റേഷന് നൽകിയിരിക്കുന്ന പേര്
  • 2026 ഓടെ ഫ്ലൈയിങ് ടാക്സികൾ ദുബായ് നഗരത്തിന് മുകളിൽ പറന്നുതുടങ്ങും എന്നാണ് കരുതുന്നത്
  • മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗത്തിലായിരിക്കും ഈ പറക്കും ടാക്സികളിലെ യാത്ര
Aerial Taxi: 'പറക്കും ടാക്‌സി' സ്‌റ്റേഷനുകളുടെ ഡിസൈന്‍ അംഗീകരിച്ചു; മണിക്കൂറില്‍ 300 കിമീ വരെ വേഗത്തില്‍ പറക്കാം...

ദുബായ്: ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഒന്നാണ് ഫ്‌ലൈയിങ് ടാക്‌സികള്‍ അല്ലെങ്കില്‍ ഏരിയല്‍ ടാക്‌സികള്‍ എന്ന സേവനം. കനത്ത ഗതാഗതക്കുരുക്കില്‍ ഇത്രയേറെ ആശ്വാസം നല്‍കുന്ന മറ്റൊരു കണ്ടുപിടിത്തം ഉണ്ടാവില്ല. ഇത് എന്ന് പ്രയോഗത്തില്‍ വരും എന്ന് കാത്തിരിക്കുന്ന ദുബായ് നിവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഫ്‌ലൈയിങ് ടാക്‌സി സ്റ്റേഷനുകളുടെ രൂപരേഖയ്ക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം അംഗീകാരം നല്‍കിയിരിക്കുന്നു. 

വെര്‍ട്ടിപോര്‍ട്‌സ് എന്നാണ് ഈ ഫ്‌ലൈയിങ് ടാക്‌സി സ്റ്റേഷനുകള്‍ക്ക് നല്‍കിയിട്ടുള്ള പേര്. ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് വെര്‍ട്ടിപോര്‍ട്‌സിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇതിന്റെ മാതൃക ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റ് 2023 ല്‍ പ്രദര്‍ശിപ്പിച്ചിട്ടും ഉണ്ട്.

Read Also: ബഹിരാകാശത്തേക്ക് സൗദിയുടെ കുതിപ്പ്! ആദ്യ വനിതയെ ഉടന്‍ അയക്കും, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ടുപേര്‍

ഫ്‌ലൈയിങ് ടാക്‌സികള്‍ക്ക് പറന്നുയരാനും പറന്നിറങ്ങാനും ഉള്ള സംവിധാനങ്ങളാണ് പ്രധാനമായും വെര്‍ട്ടിപോര്‍ട്‌സില്‍ ഉണ്ടാവുക. ഇതുകൂടാതെ യാത്രക്കാരുടെ വെയ്റ്റിങ് ഏരിയ, സുരക്ഷാ മേഖല, ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ എന്നിവയും ഉണ്ടാവും. മറ്റ് ഗതാഗത സംവിധാനങ്ങളുമായി ഈ വെര്‍ട്ടിപോര്‍ട്‌സിനെ ബന്ധപ്പെടുത്തുകയും ചെയ്യും. 2026 ഓടെ ഫ്‌ലൈയിങ് ടാക്‌സികള്‍ പ്രവര്‍ത്തനക്ഷമം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏരിയല്‍ ടാക്‌സി വെര്‍ട്ടിപോര്‍ട്ട് ആദ്യം ഒരുങ്ങുക ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായിരിക്കും. തുടര്‍ന്ന് മൂന്ന് വെര്‍ട്ടിപോര്‍ട്ടുകള്‍ കൂടി ഒരുക്കും. ബുര്‍ജ് ഖലീഫ പ്രദേശം, ദുബായ് മറീന, പാം ജുബൈര എന്നിവിടങ്ങളെ കൂടി ബന്ധിപ്പിക്കും. ഇതിന് ശേഷം, മറ്റിടങ്ങളിലും വെര്‍ട്ടിപോര്‍ട്‌സ് സ്ഥാപിക്കാനാണ് പദ്ധതി. 

ഒരു പുതിയ റോഡ് തയ്യാറാക്കുന്നത് പോലെ അത്ര എളുപ്പമാവില്ല, ഏരിയല്‍ /  ഫ്‌ലൈയിങ് ടാക്‌സികളുടെ യാത്രാ മാര്‍ഗ്ഗം തയ്യാറാക്കല്‍. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബായ് എയര്‍ നാവിഗേഷന്‍ സര്‍വ്വീസസ് എന്നിവയ്‌ക്കൊപ്പം റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇതിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സമഗ്രമായ ഒരു വ്യോമ പാത ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 

Read Also: ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിര പ്രാഥമിക ശുശ്രൂഷ നൽകാൻ വനിതകളെ നിയോഗിക്കും

ശീതീകരിച്ച യാത്രാ സംവിധാനം ആയിരിക്കും ഈ ഫ്‌ലൈയിങ് ടാക്‌സികളില്‍ ഉണ്ടാവുക. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരിക്കും. വൈദ്യുതിയില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ മലിനീകരണ പ്രശ്‌നങ്ങളും നേരിടില്ല. വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങും ആയിരിക്കും ഈ ഏരിയല്‍ ടാക്‌സികളുടെ മറ്റൊരു പ്രത്യേകത.

ഒരേ സമയം നാല് യാത്രക്കാര്‍ക്ക് ആയിരിക്കും ഇതില്‍ സഞ്ചരിക്കാന്‍ കഴിയുക. ഇത് കൂടാതെ ഡ്രൈവര്‍/ പൈലറ്റിന് ഇരിക്കാനുള്ള സ്ഥലവും ഉണ്ടാകും. ശരാശരി 241. 4 കിലോമീറ്റര്‍ വേഗത്തില്‍ ആയിരിക്കും ഈ പറക്കും ടാക്‌സി സഞ്ചരിക്കുക. മണിക്കൂറില്‍ 300 കിലോമീറ്റര്‍ ആയിരിക്കും പരമാവധി വേഗം. 

2017 ലെ വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിന്റെ സമയത്തായിരുന്നു ഓട്ടണോമസ് ഏരിയല്‍ ടാക്‌സി എന്ന സങ്കല്‍പം ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആദ്യമായി അവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ രണ്ട് യാത്രക്കാരുമായി ഏരിയല്‍ ടാക്‌സിയുടെ ഒരു ട്രയല്‍ റണ്ണിനുള്ള നീക്കവും തുടങ്ങിയിരുന്നു. ഇതുവരെ നാല് തവണയാണ് ദുബായ് നഗരത്തില്‍ ഏരിയല്‍ ടാക്‌സി പറന്നുയര്‍ന്നിട്ടുള്ളത്. ആദ്യത്തെ തവണ 2017 ലെ പരീക്ഷണ പറക്കല്‍ ആയിരുന്നു. ജുമൈറ ബീച്ച് പാര്‍ക്കില്‍ നിന്നായിരുന്നു അന്ന് ഏരിയല്‍ ടാക്‌സി പറന്നുയര്‍ന്നത്. 2022 ജനുവരിയില്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബെല്‍വെതര്‍ ഇന്‍ഡസ്ട്രീസും പരീക്ഷണ പറക്കല്‍ നടത്തി. 2022 ഫെബ്രുവരിയില്‍ എക്‌സ്‌പോ 2020 ല്‍ ഫ്‌ലൈയിങ് ടാക്‌സിയുടെ പ്രോട്ടോടൈപ് അവതരിപ്പിച്ചിരുന്നു. 2022 ഒക്ടോബറില്‍ ചൈനീസ് കമ്പനിയായ എക്‌സ്‌പെങ് അവരുടെ എക്‌സ്2 ഫ്‌ലൈയിങ് കാര്‍ ദുബായില്‍ പരീക്ഷണ പറക്കല്‍ നടത്തി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News