ഇന്ന് ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതിയുടെ സ്ഥാപകനായ ഡോ. സാമുവൽ ഹാനിമാന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് എല്ലാ വർഷവും ഏപ്രിൽ 10-ന് ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത്. വിവിധ ആരോഗ്യ പ്രശ്നങ്ങളെ ചികിത്സിക്കുന്നതിൽ ഹോമിയോപ്പതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഹോമിയോപ്പതിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ദിനാചരണത്തിൻറെ ലക്ഷ്യം.
ഒരു ആരോഗ്യം, ഒരു കുടുംബം എന്നതാണ് ലോക ഹോമിയോപ്പതി ദിനത്തിൻറെ ഈ വർഷത്തെ പ്രമേയം. കുടുംബങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഹോമിയോപ്പതിയുടെ പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ വർഷത്തെ പ്രമേയം. ഇതിലൂടെ ഹോമിയോപ്പതിയുടെ ഗുണങ്ങളെക്കുറിച്ച് കുടുംബങ്ങളിൽ അവബോധം വളർത്താൻ സാധിക്കും. ചികിത്സയ്ക്ക് ഹോമിയോപ്പതി തിരഞ്ഞെടുക്കാൻ ഓരോ കുടുംബാംഗത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. കഴിഞ്ഞ വർഷം, ആരോഗ്യത്തിനായി ജനങ്ങളുടെ തിരഞ്ഞെടുപ്പ് എന്നതായിരുന്നു ലോക ഹോമിയോപ്പതി ദിനത്തിൻറെ പ്രമേയമായി തിരഞ്ഞെടുത്തത്.
ALSO READ: തടി കൂടുന്നത് തടയാൻ ഈ സ്‌നാക്സ് പരീക്ഷിക്കൂ, തയ്യാറാക്കാനും എളുപ്പം!
2005-ലാണ് ആദ്യമായി ലോക ഹോമിയോപ്പതി ദിനം ആചരിച്ചത്. ഹോമിയോപ്പതിയെ കുറിച്ചും വിവിധ രോഗങ്ങളുടെ ചികിത്സയിൽ അതിന്റെ ഗുണങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുള്ള അവസരം നൽകുന്നു എന്നതാണ് ലോക ഹോമിയോപ്പതി ദിനത്തിൻറെ പ്രാധാന്യം. ഹോമിയോപ്പതിയെ മുഖ്യധാരാ ആരോഗ്യ പരിപാലന സംവിധാനങ്ങളുമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇത് ഉയർത്തിക്കാട്ടുന്നു.അലർജി, ആസ്ത്മ, വിഷാദം എന്നിവയുൾപ്പെടെയുള്ള വിവിധ രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടി നൂറ്റാണ്ടുകളായി ഹോമിയോപ്പതി ഉപയോഗിക്കുന്നുണ്ട്. രോഗികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ നൽകാൻ കഴിയും എന്നതാണ് ഹോമിയോപ്പതിയുടെ സവിശേഷത.
1755 ഏപ്രില്‍ 10ന് ജര്‍മ്മനിയിലെ മേസണ്‍ നഗരത്തിലാണ് സാമുവല്‍ ഹാനിമാന്റെ ജനനം. 1779ല്‍ അദ്ദേഹം വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. അക്കാലത്ത് നിലനിന്നിരുന്ന പല പ്രാകൃതമായ ചികിത്സാ രീതികളോടും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വർഷങ്ങളോളം നടത്തിയ ഗവേഷണങ്ങളുടെ ഫലമായാണ് ഹാനിമാൻ ഹോമിയോപ്പതിയുടെ അടിസ്ഥാനം രൂപപ്പെടുത്തിയത്. തുടർന്ന് 1796ൽ ഹോമിയോപ്പതി എന്ന പുതിയ ചികിത്സാ രീതി അദ്ദേഹം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.
‘സദൃശം’ എന്നര്‍ത്ഥമുള്ള ‘ഹോമോയ്സ്’ എന്ന ഗ്രീക്ക് പദവും ‘വിഷമം അനുഭവിക്കുന്ന’ എന്നര്‍ത്ഥമുള്ള ‘പാത്തോസ്’ എന്ന ഗ്രീക്ക് പദവും സംയോജിപ്പിച്ചാണ് ഹോമിയോപ്പതി എന്ന വാക്ക് ഉണ്ടായത്. ലളിതവും താരതമ്യേന ചെലവ് കുറഞ്ഞതുമായ ചികിത്സാ രീതിയാണ് ഹോമിയോപ്പതി. രാജ്യത്ത് ഏതാണ്ട് 10 ശതമാനത്തോളം ആളുകൾ ഹോമിയോപ്പതിയെ മാത്രം ആശ്രയിക്കുന്നവരാണെന്നാണ് ചില കണക്കുകൾ വ്യക്തമാക്കുന്നത്. ശരീരം തന്നെ രോഗത്തെ ശമിപ്പിക്കും എന്ന തത്വമാണ് ഹോമിയോപ്പതി പിന്തുടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...