ഇസ്ലാമബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടമായി. പ്രധാന സഖ്യകക്ഷിയായ എംക്യുഎം, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്കൊപ്പം ചേർന്നതാണ് ഇമ്രാന് തിരിച്ചടിയായത്. സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയത്തെ നേരിടാനിരിക്കെയാണ് തിരിച്ചടി. അവിശ്വാസ പ്രമേയത്തിൽ ഏപ്രിൽ മൂന്ന് ഞായറാഴ്ചയാണ് വോട്ടെടുപ്പ്.
ഇമ്രാൻ ഖാന് ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ് ഉടൻ തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് നാളെ മാർച്ച് 31 വ്യാഴാഴ്ച തന്നെ നടത്തണമെന്ന് ആവശ്യപ്പെടുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫ്.
ALSO READ : Imran Khan : ഇമ്രാൻ ഖാന് ആശ്വാസം; അവിശ്വാസ പ്രമേയം പരിഗണിച്ചില്ല
അതേസമയം ഇമ്രാൻ രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള തീരുമാനം മാറ്റുകയും ചെയ്തു. പാകിസ്ഥാൻ ആർമി മേധാവി ഖമ്മർ ജാവേദ് ബാജ്വായുമായി ചർച്ചയ്ക്ക് ശേഷമാണ് ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്യുന്നുള്ള നടപടിയിൽ നിന്ന് പിൻവാങ്ങിയത്. സുരക്ഷ കാര്യങ്ങൾ മുനിർത്തിയാണ് പാക് പ്രധാനമന്ത്രി പരിപാടി മാറ്റിവെച്ചതെന്നാണ് പിടിഐയുടെ സെനറ്റഞ ഫൈസൽ ജാവേദ് അറിയിച്ചു.
ഇമ്രാന്റെ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടിയുടെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ഖാവുമി പാകിസ്ഥാൻ (എംക്യുഎം) പ്രതിപക്ഷത്തെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിക്കൊപ്പം ചേർന്നതാണ് ഇമ്രാനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ദേശീയ അസംബ്ലിയിൽ ഇമ്രാന് ഭൂരിപക്ഷം നഷ്ടമായി. പാക് പാർലമെന്റിന്റെ അധോസഭയിലും ഇമ്രാൻ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ദേശീയ അസംബ്ലിയിൽ ആകെ 342 അംഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയം പാസാകാൻ 172 ദേശീയ അംസബ്ലി അംഗങ്ങളുടെ പിന്തുണ മതി. എംക്യുഎം കൂടി വന്നതോടെ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ അംഗബലം 177 ആയി ഉയർന്നു.
നേരത്തെ 179 പേരുടെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ സർക്കാർ അധികാരത്തിൽ വന്നത്. പ്രധാന സഖ്യകക്ഷിയായ എംക്യുഎംപി പോയതോടെ പിടിഐ നേതൃത്വം നൽകുന്ന ഭരണമുന്നണിയുടെ അംഗസംഖ്യ 164 ലേക്ക് ചുരുങ്ങി. രണ്ടു ദിവസം മുമ്പ് ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ഞായറാഴ്ച വോട്ടിനിടും. സർക്കാരിനെ താഴെയിറക്കുമെന്ന് പ്രധാന പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് നടത്തിയ റാലിയിൽ പ്രതിജ്ഞ എടുത്തിരുന്നു.
രാജിവെക്കുക അല്ലെങ്കിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്തുപോകുക എന്നതുമാത്രമാണ് ഇമ്രാൻ ഖാന് മുന്നിലുള്ള വഴിയെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ ചൂണ്ടിക്കാട്ടി. എന്നാൽ രാജി വെക്കില്ലെന്നും അവസാന പന്ത് വരെ പൊരുതുന്നയാളാണ് ഇമ്രാൻ എന്നുമായിരുന്നു മന്ത്രി ഫവദ് ചൗധരി ട്വിറ്ററിലൂടെ ഇതിന് മറുപടി നൽകിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.