നെയ്റോബി: കെനിയയില്‍ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട്. കൂടാതെ 2,10,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും റെഡ്ക്രോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതല്‍ പേര് മരണമടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍ ആരംഭിച്ച ശക്തമായ മഴയെ തുടര്‍ന്നു 8,450 ഏക്കര്‍ കൃഷിയിടമാണ് നശിച്ചത്.
പലയിടങ്ങളിലും പാലങ്ങളും റോഡുകളും തകര്‍ന്നതുള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നത്.
അതേസമയം അഭയാര്‍ഥി ക്യാമ്പുകളുടെ അവസ്ഥ മോശമാണെന്നും കക്കൂസ് മാലിന്യങ്ങള്‍ കവിഞ്ഞ് ഒഴുകുന്നത് വഴി മലേറിയ പോലുള്ള മാരക രോഗങ്ങള്‍ വരാന്‍ കാരണമാകുമെന്നും "സേവ് ദ ചില്‍ഡ്രണ്‍" മാനേജര്‍ കാലേബ് ഒധിംബോ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ജനങ്ങള്‍ ആഹാരം പോലുമില്ലാതെ തുറസായ സ്ഥലങ്ങളിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കെനിയയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലകളെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിരിക്കുന്നത്.