സോൾ: ചരിത്രം തിരുത്തി കുറിച്ച് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ അതിർത്തി കടന്ന് ദക്ഷിണ കൊറിയയിൽ എത്തി. സമാധാന ചർച്ചകൾക്ക് വേണ്ടിയാണ് കിം ജോങ് ഉൻ ദക്ഷിണ കൊറിയയിലേക്ക് വന്നത്.
അദേഹത്തെ നേരിട്ട് സ്വീകരിക്കാനായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ എത്തി. ആറു മണിയോടെ തുടങ്ങിയ സമാധാന ചര്‍ച്ചകള്‍ എട്ടുമണിക്കും തുടരുകയാണ്.
ഇരുകൊറിയകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന പാൻ മുൻ ജോം എന്ന അതിർത്തി ഗ്രാമത്തിൽ വച്ചാണ് ഇരുരാഷ്ട്രത്തലവന്മാരും തമ്മിൽ കാണുന്നത്. കൊറിയൻ അതിർത്തിയിലെ സൈനിക രഹിത ഗ്രാമമാണ് ഈ പ്രദേശം.
പാൻ മുൻ ജോമിലെ ദക്ഷിണ കൊറിയൻ ക്യാമ്പിലേക്ക് എത്തിയ കിം ജോങ് ഉൻ സംഘം മുൻകൂട്ടി നിശ്‌ചയിച്ച പ്രകാരം ദക്ഷിണകൊറിയൻ അധികൃതരുമായി ചർച്ചകളിൽ ഏർപ്പെടും. സമാധാനത്തിന്‍റെ പുതിയ ചരിത്രം ഇവിടെ തുടങ്ങുകയാണ് എന്നാണ് പാൻ മുൻ ജോമിലെ സന്ദർശക ഡയറിയിൽ കിം ജോങ് ഉൻ കുറിച്ചത്.
10 വര്‍ഷത്തിന് ശേഷമാണ് ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ പരസ്പരം കൂടിക്കാഴ്ച നടത്തുന്നത്. കൊറിയൻ വിഭജനത്തിന് ശേഷം ഇതു മൂന്നാം തവണയാണിത്. ഇതിനു മുൻപ് 2000, 2007 എന്നീ വർഷങ്ങളിലും ഇരു രാഷ്ട്രത്തലവന്മാരും തമ്മിൽ കണ്ടിരുന്നു. 1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ദക്ഷിണ കൊറിയയില്‍ കാലുകുത്തുന്ന ആദ്യ ഉത്തരകൊറിയന്‍ ഭരണാധികാരിയാണ് കിംഗ് ജോങ് ഉന്‍ എന്ന പ്രത്യേകതയും സന്ദര്‍ശനത്തിനുണ്ട്.