ലൊസാഞ്ചലസ്: ഓസ്‌കറിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. പുരസ്‌കാര നിറവിൽ ‘ ദ എലഫന്റ് വിസ്പറേഴ്‌സ്’. ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിലാണ് ‘ ദ എലഫന്റ് വിസ്പറേഴ്‌സ്’ പുരസ്കാരം സ്വന്തമാക്കിയത്. ഒരു സമ്പൂർണ ഇന്ത്യൻ ചിത്രത്തിന് ഇതാദ്യമായാണ് ഓസ്‌കർ പുരസ്കാരം ലഭിക്കുന്നത്.
തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി നിർമിച്ച ഡോക്യുമെന്ററിയാണ് ‘ ദ എലഫന്റ് വിസ്പറേഴ്‌സ്’. കാർത്തികി ഗോൺസാൽവസ്, ഗുനീത് മോംഗ എന്നിവരാണ് സംവിധാനം ചെയ്തത്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റേയും ബെല്ലിയുടേയും കഥയാണ് ചിത്രം പറയുന്നത്. തമിഴിൽ ഒരുക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററിയിൽ പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസി വിഭാഗത്തിന്റെ നേർചിത്രം കാണാൻ സാധിക്കും.
ഓസ്കർ പുരസ്കാരദാന ചടങ്ങ് ലൊസാഞ്ചലസിലെ ഓവിയേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിലാണ് നടക്കുന്നത്. ആദ്യം പ്രഖ്യാപിച്ചത് മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കരമാണ്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ മികച്ച അനിമേഷൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജെയ്മീ ലീ കർട്ടിസ് ആണ് മികച്ച സഹനടിക്കുള്ള പുരസ്കാരവും കീ ഹ്യൂയ് ക്വാൻ മികച്ച സഹനടനുള്ള ഓസ്‌കർ പുരസ്കാരവും നേടി. എവരിതിങ് എവരിവേർ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹരാക്കിയത്.
മികച്ച ഛായാഗ്രാഹകനായി ജെയിംസ് ഫ്രണ്ട് തിരഞ്ഞെടുക്കപ്പെട്ടു. ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഡാനിയൽ റോഹർ, ഒഡെസ്സാ റേ, ഡയൻ ബെക്കർ, മെലാനി മില്ലർ, ഷെയ്ൻ ബോറിസ് എന്നിവരുടെ ‘നവൽനി’ പുരസ്കാരം സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...