പോളോ കളി, നൈറ്റ് പാര്‍ട്ടി, റോക്ക് മ്യൂസിക്ക്; ലണ്ടനില്‍ അടിച്ചുപൊളിച്ച് മലാല

മതവിശ്വാസത്തിന്‍റെ ഭാഗമായി മലാല ധരിച്ചിരുന്ന ശിരോവസ്ത്രം മാറ്റിത്തുടങ്ങിയെന്ന്‍ കാമ്പസിലെ പല ഫോട്ടോകളും സൂചിപ്പിക്കുന്നുണ്ട്

Last Updated : Jun 19, 2018, 06:23 PM IST
പോളോ കളി, നൈറ്റ് പാര്‍ട്ടി, റോക്ക് മ്യൂസിക്ക്; ലണ്ടനില്‍ അടിച്ചുപൊളിച്ച് മലാല

ലണ്ടന്‍: താലിബാന്‍ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് പിന്നീട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ മലാല യൂസഫ്‌സായിയുടെ ഓക്സ്ഫോര്‍ഡിലെ കാമ്പസ് ജീവിതം ഏവരേയും മോഹിപ്പിക്കുന്നതാണെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഓക്സ്ഫോര്‍ഡിൽ ചേര്‍ന്ന മലാല ഒപ്പമുള്ള മറ്റ് വിദ്യാർഥികളെ പോലെ പോളോ കളിച്ചും, നൈറ്റ് പാര്‍ട്ടിയും, റോക്ക് മ്യൂസിക്കുമൊക്കെയായി അടിപൊളി ജീവിതമാണ് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോളേജില്‍ പാര്‍ട്ടികള്‍ നടത്തേണ്ട ഇന്‍ചാര്‍ജായി മലാലയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് പുറമെ വിദ്യാര്‍ത്ഥികളുടെ യൂട്യൂബ് വീഡിയോകളിലും മലാല താരമാവുകയാണ്. ചില രാത്രികളില്‍ മലാലയ്ക്കൊപ്പം ബേവണ്‍സ്, റിഹാന എന്നിവ കേട്ടിരിക്കാറുണ്ടെന്നും ഇന്ത്യന്‍ ടേക്ക് എവേയില്‍ നിന്നും ഭക്ഷണം കഴിക്കാറുണ്ടെന്നും ഒരു സുഹൃത്ത് വെളിപ്പെടുത്തി. യൂണിവേഴ്സിറ്റി സൊസൈറ്റിയില്‍ നടത്തിയ പോളോ മത്സരത്തിലും, ക്രിക്കറ്റ് ക്ലബിലും മലാല പങ്കെടുത്തിരുന്നതായും പറയുന്നു.

മതവിശ്വാസത്തിന്‍റെ ഭാഗമായി മലാല ധരിച്ചിരുന്ന ശിരോവസ്ത്രം മാറ്റിത്തുടങ്ങിയെന്ന്‍ കാമ്പസിലെ പല ഫോട്ടോകളും സൂചിപ്പിക്കുന്നുണ്ട്. ഭീകരാക്രമണം ഭീഷണിയുള്ളതിനാല്‍ എപ്പോഴും മലാലയ്ക്കൊപ്പം രണ്ട് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ കൂടെയുണ്ടാകും. ഇത് മറ്റ് കൂട്ടുകാരെപ്പോലെ ഫ്രീയായി ജീവിതം നയിക്കാന്‍ മലാലയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാനിലെ താലിബാന്‍ നേതാവ് മുല്ല ഫസ്ലുല്ലാഹ് വധിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മലാലയുടെ കാമ്പസ് ജീവിതത്തിന്‍റെ വാര്‍ത്തകളും പുറത്തായിരിക്കുന്നത്. 

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയതിനെ തുടര്‍ന്ന് 2012ലാണ് താലിബാന്‍ ഭീകരര്‍ മലാലയ്ക്കെതിരെ നിറയൊഴിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുല്ല ആയിരുന്നു മലാലയെ വെടി വയ്ക്കാന്‍ ഉത്തരവിട്ടിരുന്നത്.

Trending News