സര്‍വ്വ മത സംഗമം; പോപ്‌ ഫ്രാന്‍സിസ് പങ്കെടുക്കും

ഇതാദ്യമായാണ് ഒരു പോപ്പ് യു.എ.ഇ.സന്ദർശിക്കുന്നത്. 

Last Updated : Dec 8, 2018, 11:48 AM IST
സര്‍വ്വ മത സംഗമം; പോപ്‌ ഫ്രാന്‍സിസ് പങ്കെടുക്കും

മാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും പുതു ചരിത്രമെഴുതാനൊരുങ്ങി മാര്‍പാപ്പ. ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരിയിൽ യു.എ.ഇ. സന്ദര്‍ശിക്കും. 

ഇതാദ്യമായാണ് ഒരു പോപ്പ് യു.എ.ഇ.സന്ദർശിക്കുന്നത്. ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെയാകും സന്ദർശനം. യുഎഇയില്‍ നടക്കുന്ന സര്‍വ്വ മത സംഗമത്തില്‍ പങ്കെടുക്കാനാണ് പോപ്‌ എത്തുന്നത്.

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും വിശ്വാസികളുടെയും ക്ഷണം സ്വീകരിച്ചാണ് സന്ദർശനമെന്ന് വത്തിക്കാൻ അറിയിച്ചു. 

സന്ദർശന വാർത്ത സ്വാഗതം ചെയ്യുന്നതായി യു.എ.ഇ.വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.

പരസ്പരം കൂടുതൽ മനസ്സിലാക്കാനും ബന്ധം ശക്തിപ്പെടുത്താനും ലോകരാജ്യങ്ങൾക്കിടയിൽ സമാധാനം നിലനിർത്താനുള്ള ചർച്ചകൾക്ക് തുടക്കമിടാനും ഈ സന്ദർശനം വഴിയൊരുക്കുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 

ഇന്ത്യ, ആഫ്രിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം പത്ത് ലക്ഷത്തോളം ക്രിസ്തുമത വിശ്വാസികൾ യു.എ.ഇ.യിലുണ്ടെന്നാണ് കരുതുന്നത്.

2006-ൽ വത്തിക്കാൻ സന്ദർശിച്ച അബുദാബി കിരീടാവകാശി ഫ്രാൻസിസ് മാർപ്പാപ്പയെ നേരിട്ട് കണ്ട് യു.എ.ഇ.യിലേക്ക് ക്ഷണിച്ചിരുന്നു.
 

Trending News