കീവ്: പതിമൂന്നാം ദിവസവും യുക്രൈനിൽ യുദ്ധം തുടർന്ന് റഷ്യ. അതേസമയം, സമാധാന ചർച്ചയും മാനുഷിക ഇടനാഴി വഴിയുള്ള ഒഴിപ്പിക്കലും തുടരാനാണ് തീരുമാനം. റഷ്യയും യുക്രൈനുമായുള്ള മൂന്നാംവട്ട ചർച്ച ബെലാറൂസിൽ പൂർത്തിയായി.
ചർച്ചയിൽ പുരോഗതിയുള്ളതായി യുക്രൈൻ പ്രതികരിച്ചപ്പോൾ പ്രതീക്ഷിച്ച ഫലമില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. നാലാംവട്ട ചർച്ചയുടെ തീയതി ഇന്ന് തീരുമാനിക്കും. വെടിനിർത്തലിൽ ഇതുവരെ തീരുമാനമായിട്ടില്ല. യുക്രൈനിൽ പതിമൂന്നാം ദിവസവും റഷ്യ ശക്തമായ ആക്രമണമാണ് നടത്തുന്നത്.
നിരവധി നഗരങ്ങളിൽ ഷെല്ലിങ് തുടരുകയാണ്. അതേസമയം, ഏറ്റുമുട്ടലിൽ റഷ്യൻ മേജർ ജനറലിനെ വധിച്ചതായി യുക്രൈൻ അവകാശപ്പെട്ടു. സാധാരണ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും വെടിനിർത്തൽ ലംഘനം ഉണ്ടായി. ഇതേ തുടർന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതും അനിശ്ചിതത്വത്തിലായിരുന്നു.
റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് യുക്രൈൻ ആരോപിച്ചു. എന്നാൽ, പടക്കോപ്പുകൾ ശേഖരിക്കാനും ആക്രമണം ഏകീകരിക്കാനും യുക്രൈൻ വെടിനിർത്തൽ സമയം വിനിയോഗിക്കുകയാണെന്നും ജനങ്ങളെ രക്ഷപ്പെടുത്താനല്ലെന്ന് റഷ്യ ആരോപിച്ചു. യുക്രൈനിലെ നാല് നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...