ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നടന്ന വധശ്രമത്തിൽ റഷ്യക്ക് പങ്കുണ്ടെന്ന വാദത്തിലുറച്ച് ബ്രിട്ടൻ. റഷ്യന്‍ ഭരണകൂടത്തെ പരസ്യമായി കുറ്റപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തി.
റഷ്യൻ നിർമ്മിതമായ നൊവിചോക് എന്ന വിഷമാണ് ഇരുവർക്കും നേരെ പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് മേ വെളിപ്പെടുത്തി. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണു തെരേസ മേയുടെ പ്രസ്താവന. റഷ്യ നടത്തിയ കൊലപാതക ശ്രമം നിന്ദ്യവും വീണ്ടുവിചാരമില്ലാത്തതുമാണെന്ന് തെരേസ മേ പറഞ്ഞു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ബ്രിട്ടൺ റഷ്യൻ അംബാസിഡറെ വിളിച്ചുവരുത്തി.
എന്നാൽ തെരേസ മേയുടേത് തികച്ചും രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്ന് റഷ്യ പ്രതികരിച്ചു. മാര്‍ച്ച് നാലിനാണ് സ്ക്രിപാലിനും മകൾക്കും നേരെ ആക്രമണമുണ്ടായത്. നിലവിൽ ചികിത്സയിൽ കഴിയുന്ന ഇരുവരും സുഖം പ്രാപിച്ചു വരികയാണ്.
സ്ക്രീപലിനെയും മകളെയും അപായപ്പെടുത്തുവാൻ ഉപയോഗിച്ച രാസവസ്തു റഷ്യയിൽ നിന്നു വന്നതാണെന്നു വിദഗ്ധർ സ്ഥിരീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ തങ്ങളെ കുടുക്കാനായി ബ്രിട്ടന്റെ ആസൂത്രണം ചെയ്ത കൊലപാതക പദ്ധതിയാണിതെന്നാണ് റഷ്യ ആരോപിക്കുന്നത്.