കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും രൂക്ഷമായ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ. സംശയമുള്ള ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം സൈന്യത്തിനും പൊലീസിനും നൽകിയാണ് ലങ്കൻ പ്രസിഡന്റ് ഗൊട്ടബയ രജപക്സെ ഉത്തരവ് പ്രഖ്യാപിച്ചത്.
രാജ്യത്തെ ക്രമസമാധാനം ഉറപ്പിക്കുന്നതിനും അവശ്യസാധനങ്ങളുടെ വിതരണം തടസം കൂടാതെ നടത്തുന്നതിനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് പറയുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ലങ്കയിൽ (Sri Lanka) ജനങ്ങൾ തെരുവിൽ ഇറങ്ങി ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.
Also Read: Sri Lanka Crisis: ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിലേക്കുള്ള മാർച്ചിൽ സംഘർഷം, നിരവധി പേർ അറസ്റ്റിൽ
പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ വസതിക്ക് മുന്നിൽ വരെ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇത് സംഘർഷത്തിലേക്ക് വഴിമാറിയിരുന്നു. 22 മില്യൺ ജനങ്ങൾ അധിവസിക്കുന്ന ദ്വീപരാഷ്ട്രമായ ശ്രീലങ്കയിൽ ഒരു മാസത്തോളമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.
ഡോളറിന്‍റെ കരുതൽ ശേഖരം ഇല്ലാതായതിനെ തുടർന്ന് ലങ്കൻ സമ്പത്ത് വ്യവസ്ഥ കൂപ്പുകുത്തി. ഇന്ധനത്തിന് ലങ്കയിൽ തീവിലയാണ്. എൻപിജി അടക്കമുള്ളവ തീവില കൊടുത്താലും ലഭിക്കാത്ത സാഹചര്യമാണ്. പെട്രോൾ പമ്പുകളിലും എൻപിജി ഗോഡൗണുകളിലും ജനത്തിന്‍റെ നീണ്ട ക്യൂവാണ്.
ഭക്ഷ്യസാധനങ്ങൾക്കും മരുന്നിനും ക്ഷാമം നേരിട്ടു തുടങ്ങിയതോടെ ജനം പ്രതിഷേധവുമായി ലങ്കയുടെ തെരുവുകളിലേക്ക് ഇറങ്ങി. ലങ്കയിൽ 16 മണിക്കൂർ വരെയാണ് ഇപ്പോൾ പവർകട്ട്. വരും ദിവസങ്ങളിൽ ഇത് കൂടുമെന്നാണ് റിപ്പോർട്ട്.
പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നിന് വേണ്ടിയാണ് ഇപ്പോൾ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമാണ്. ഐഎംഎഫിൽ നിന്ന് ഉൾപ്പെടെ പണം കടമെടുക്കുന്നതിനുള്ള നടപടി ലങ്കൻ ഭരണകൂടം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഭീകരമായ കടക്കെണിയിൽ അകപ്പെട്ട ശ്രീലങ്കയ്ക്ക് വിദേശസഹായം ഇല്ലാതെ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന സാഹചര്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.