ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിൻവലിച്ചു

  

Last Updated : Mar 18, 2018, 01:27 PM IST
ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിൻവലിച്ചു

കൊളംബൊ: ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. രാജ്യത്തുണ്ടായ വര്‍ഗ്ഗീയകലാപങ്ങളെ നേരിടാന്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ നീക്കിയതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.

ശ്രീലങ്കയുടെ പലഭാഗങ്ങളിലായി ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മിലുണ്ടായ സംഘര്‍ഷാവസ്ഥ വര്‍ഗീയ കലാപത്തിലേക്ക് മാറിയതിനെ തുടര്‍ന്ന് മാര്‍ച്ച് ആറിനാണ് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോള്‍ രാജ്യത്ത് സമാധാനം പുനസ്ഥാപിച്ചതിനെ തുടർന്നാണ് അടിയന്തരാവസ്ഥ പിൻവലിക്കുന്നത്. 

രാജ്യത്തെ സമാധാന അന്തരീക്ഷം പൂര്‍വ്വ സ്ഥിതി കൈവരിച്ച പശ്ചാത്തലത്തില്‍ അടിയന്തരാവസ്ഥ നീക്കം ചെയ്യുന്നതായി മൈത്രിപാല സിരിസേന ശനിയാഴ്ച രാത്രി ട്വിറ്ററില്‍ കുറിച്ചു. 

കലാപത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിന് വസ്തുവകകള്‍ തകര്‍പ്പെടുകയും ചെയ്തിരുന്നു. 20 ഓളം മുസ്ലീം ദേവാലയങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായിരുന്നു. 

സംഘര്‍ഷങ്ങളുടെ ഭാഗമായി അനവധി വീടുകളും കടകളും തകര്‍ന്നിരുന്നു. സംഘാര്‍ഷവസ്ഥ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്. 

ശ്രീലങ്കയിലെ 21 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 10 ശതമാനം മുസ്ലിങ്ങളും 75 ശതമാനം ബുദ്ധമത വിശ്വാസികളായ സിംഹളരുമാണ്.  ബാക്കി 13 ശതമാനം ഹിന്ദുക്കളുമാണ്.

Trending News