ഭയാനക സൗന്ദര്യവുമായി തെളിഞ്ഞൊഴുകുന്ന ചോരപ്പുഴ; ഫിന്നിച്ച് ഗ്ലെനിനെ കുറിച്ച് അറിയാം

പിശാച് തന്റെ അനുയായികളെ അഭിസംബോധന ചെയ്യാൻ നിന്നിരുന്ന സ്ഥലമാണിതെന്നും പിശാച് കൊലപ്പെടുത്തിയവരുടെ രക്തമാണ് താഴെ ഒഴുകുന്നതുമെല്ലാമുള്ള കഥകൾ

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Mar 31, 2022, 07:30 PM IST
  • ഒറ്റനോട്ടത്തിൽ ഭീതി പരത്തുന്ന ഒരു നീരൊഴുക്ക്
  • അരുവിയിലുള്ള പാറകൂട്ടത്തിന് പിശാചിന്റെ പ്രസംഗ പീഠമെന്നും പേരുണ്ട്
  • പിശാച് കൊലപ്പെടുത്തിയവരുടെ രക്തമാണ് താഴെ ഒഴുകുന്നതുമെല്ലാമുള്ള കഥകൾ
ഭയാനക സൗന്ദര്യവുമായി തെളിഞ്ഞൊഴുകുന്ന ചോരപ്പുഴ;  ഫിന്നിച്ച് ഗ്ലെനിനെ കുറിച്ച് അറിയാം

ചോരപ്പുഴ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ ശരിക്കുമുള്ള ചോരപ്പുഴ കണ്ടിട്ടുണ്ടോ... ഒറ്റ നോട്ടത്തിൽ കണ്ടാൽ ശരിക്കുമുള്ള ചോരപ്പുഴ എന്നു തോന്നിക്കുന്ന സ്ഥലമുണ്ട്. പ്രകൃതി മനോഹാരിതയ്ക്കും വന പ്രദേശങ്ങളുടെ ആകർഷണീയതയ്ക്കും പേരു കേട്ട സ്കോട്ട്ലാൻഡിലാണ് ഇത്തരമൊരു അരുവിയുള്ളത്. ഫിന്നിച്ച് ഗ്ലെൻ എന്നാണ് ഈ അരുവിയുടെ യഥാർത്ഥ പേര്.

പ്രകൃതിരമണീയമായ പ്രദേശത്ത്  ഒറ്റനോട്ടത്തിൽ ഭീതി പരത്തുന്ന ഒരു നീരൊഴുക്ക്. അതാണ് ഫിന്നിച്ച് ഗ്ലെൻ. ചോരപ്പുഴയെന്നൊക്കെ കഥകളിൽ വായിച്ചറിഞ്ഞത് കാഴചക്കാരന് മുന്നിൽ ദൃശ്യമാക്കുകയാണ് ഈ അരുവി.അരുവിയുടെ അടിത്തട്ടിൽ കാണപ്പെടുന്ന ചുവന്ന മണൽക്കല്ലാണ് സിന്ദൂര നിറത്തിലെ ഈ ജലമൊഴുക്കിന് കാരണം.ചുവപ്പു നിറത്തിൽ ഒഴുകുന്ന അരുവിയിലുള്ള പാറകൂട്ടത്തിന് പിശാചിന്റെ പ്രസംഗ പീഠമെന്നും പേരുണ്ട്. 

ചുവപ്പു നിറത്തിൽ മനോഹരിയായി ഒഴുകുന്ന ഈ അരുവിയെ ആദ്യകാലത്ത് സന്ദർശകർക്ക് ഭീതിജനകമായി തോന്നിയിരിക്കാമെന്നും അതിനാലാണ് ഇതിനെ ചോരപ്പുഴ എന്നു വിളിക്കുന്നതെന്നും പറയപ്പെടുന്നു. മാത്രമല്ല  ദേവാലയത്തിലെ പ്രസംഗപീഠത്തിന് സമാനമായി പാറക്കൂട്ടങ്ങൾ കാണപ്പെടുന്നതിനാലാണ് ഈ പാറക്കൂട്ടങ്ങൾക്ക്  ഡെവിൾസ് പൾപിറ്റ് അഥവാ പിശാചിന്റെ പ്രസംഗപീഠം എന്ന പേര് ലഭിച്ചതെന്നും പറയപ്പെടുന്നുണ്ട്.

ഇതു കൂടാതെ ഈ സ്ഥലത്തെ ചുറ്റിപ്പറ്റി പല കെട്ടുകഥകളും അന്ധവിശ്വാസങ്ങളും പ്രചരിക്കുന്നുണ്ട്. പിശാച് തന്റെ അനുയായികളെ അഭിസംബോധന ചെയ്യാൻ നിന്നിരുന്ന സ്ഥലമാണിതെന്നും പിശാച് കൊലപ്പെടുത്തിയവരുടെ രക്തമാണ് താഴെ ഒഴുകുന്നതുമെല്ലാമുള്ള കഥകൾ ഇതിൽ ചിലതാണ്. സങ്കീർണ്ണമായ ചരിത്രവും കഥയുമെല്ലാം ഒരു വശത്തുള്ളപ്പോൾ  സിന്ദൂര വർണ്ണത്തിൽ അവർണ്ണനീയമായ സൗന്ദര്യവുമായി  ഏവരേയും വിസ്മയിപ്പിച്ചുകൊണ്ട് അരുവിയും ഒഴുകുന്നു.

വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേരാണ് ഈ ഭയാനക സൗന്ദര്യം ആസ്വദിക്കാൻ ദിവസവും ഇവിടെ എത്തുന്നത്.വിചിത്രമായ കഥകൾക്കിടയിലും പിശാചിന്റെ പ്രസംഗ പീഠത്തിന്റെ മൊത്തത്തിലുള്ള കാഴ്ച  അതിമനോഹരം തന്നെയാണെന്ന് പറയാതിരിക്കാനാകില്ല. നല്ല മഴയ്ക്ക് ശേഷമാകും  അരുവി ഏറ്റവും വർണ്ണാഭമായി കാണപ്പെടുക. ചുറ്റുമുള്ള പാറകളും ഈ സമയത്ത്  ചുവപ്പു നിറത്തിലാവും കാണപ്പെടുക.ഇതും പ്രദേശത്തിന് മറ്റൊന്നിനും അവകാശപ്പെടാനാകാത്ത സൗന്ദര്യം നൽകുന്നു.  

കാടിന്റെ നടുവിലുള്ള 60 അടി താഴ്ചയുള്ള മലയിടുക്കാണ് ഡെവിൾസ് പൾപിറ്റ് എന്നറിയപ്പെടുന്നത്. വേനൽക്കാലമാകുമ്പോൾ സമീപത്ത് വളരുന്ന മരങ്ങൾക്കും കുറ്റിക്കാടുകൾക്കും ഉള്ളിലേക്ക് പാറക്കൂട്ടം ഒളിക്കുന്നു. മലയിടുക്കിലേക്ക് പ്രവേശിക്കാനായി  നനഞ്ഞ കല്ലുകൾ നിറഞ്ഞ ഒരു ഗോവണിപ്പടിയിലൂടെ കയറേണ്ടതുണ്ട്.  ഗോവണിയായി ആരംഭിച്ച് പാതിവഴിയിൽ ഒരു റോക്ക് സ്ലൈഡായി അവസാനിക്കുന്നതാണിത്. ‌കനത്ത മഴയുള്ള സമയമാണ് സന്ദർശിക്കുന്നതെങ്കിൽ ഈ ഗോവണിയിൽ വെള്ളം കയറി തെന്നിവീഴാൻ സാധ്യതയുണ്ട്. 

Trending News