ലോസ് ഏഞ്ചൽസ്: ഓസ്കർ വേദിയിൽ കയറി അവതാരകനെ തല്ലിയ സംഭവത്തെ തുടർന്ന് വിൽ സ്മിത്തിന് വിലക്കേർപ്പെടുത്തി അക്കാദമി. ഓസ്‌കാറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിൽ സ്മിത്തിനെ 10 വർഷത്തേക്കാണ് വിലക്കിയത്. 2022 ഏപ്രിൽ എട്ട് മുതൽ 10 വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അക്കാദമി അവാർഡുകൾ ഉൾപ്പെടെ, അക്കാദമിയുടെ പരിപാടികളിൽ പങ്കെടുക്കാൻ സ്മിത്തിനെ അനുവദിക്കില്ലെന്നാണ് ബോർഡിന്റെ തീരുമാനം. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോൺ ഹഡ്‌സണും വെള്ളിയാഴ്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോസ് ഏഞ്ചൽസിൽ ഇന്ന് ചേർന്ന അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഇത്തവണത്തെ ഓസ്‍കര്‍ പുരസ്കാര ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ. ഭാര്യ ജാഡ പിങ്കറ്റിന്റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ പ്രകോപിതനായ സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. ഒരു നിമിഷം സ്‍തബ്ധനായ ക്രിസ് റോക്ക് വീണ്ടും പരിപാടി തുടരുകയായിരുന്നു.
ഈ സംഭവത്തിന് ശേഷം വില്‍ സ്‍മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നു. കിംഗ് റിച്ചാർഡ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൽ സ്മിത്തിന് പുരസ്കാരം ലഭിച്ചത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. തുടർന്ന് തന്റെ ഭാഗത്തെ തെറ്റിൽ ഖേദിക്കുന്നതായി വ്യക്തമാക്കി സമൂഹമാധ്യമത്തിലൂടെ വിശദമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA