ഗ്രംപി പൂച്ചയുടെ വിഷാദഭാവം ഇനി ഓര്‍മ്മകളില്‍ മാത്രം!!

ഫെയ്‌സ്ബുക്കില്‍ 85 ലക്ഷം ആരാധകരും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമായി ദശലക്ഷക്കണക്കിനാളുകളാണ്‌ ഗ്രംപിയെ ഫോളോ ചെയ്തിരുന്നത്.   

Last Updated : May 18, 2019, 04:23 PM IST
ഗ്രംപി പൂച്ചയുടെ വിഷാദഭാവം ഇനി ഓര്‍മ്മകളില്‍ മാത്രം!!

ലോസാഞ്ചലസ്: ലക്ഷക്കണക്കിന്‌ ആരാധകരുണ്ടായിരുന്ന പ്രശസ്തയായ 'ഗ്രംപി പൂച്ച' ഇനി ഓര്‍മ്മകളില്‍ മാത്രം. ഗ്രംപി ക്യാറ്റ് എന്നാല്‍ ദേഷ്യപ്പെടുന്ന പൂച്ച എന്നാണ് അര്‍ത്ഥം. ദേഷ്യപ്പെടുന്ന മുഖഭാവം തന്നെയാണ് ഈ പൂച്ചയെ ഇത്രയേറെ പ്രശസ്തയാക്കിയതും.

ഒറ്റച്ചിത്രം കൊണ്ട് ഭക്ഷണശാലയില്‍ വെയിട്രസ് ആയി ജോലി ചെയ്തിരുന്ന തബത ബുന്ദിസെന്‍ എന്ന യുവതിയെ കോടീശ്വരിയാക്കിയ മാജിക്കായിരുന്നു ഗ്രംപി പൂച്ചയുടെ ജീവിതം. 

ഫെയ്‌സ്ബുക്കില്‍ 85 ലക്ഷം ആരാധകരും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമായി ദശലക്ഷക്കണക്കിനാളുകളാണ്‌ ഗ്രംപിയെ ഫോളോ ചെയ്തിരുന്നത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തന്‍റെ ഏഴാമത്തെ വയസിലാണ് ഗ്രംപി മരണത്തിന് കീഴടങ്ങിയത്.

2012ല്‍ ഒരു വെബ്‌സൈറ്റില്‍ വന്ന ചിത്രമാണ് 'ടര്‍ഡാര്‍ സോസ' എന്ന പൂച്ചയെ ‘ഗ്രംപി’ എന്ന പേരില്‍ ലോകപ്രശസ്തയാക്കിയത്. ഈ ചിത്രം വൈറലായതോടെ ‘ഗ്രംപി’യ്ക്ക് ഓഫറുകളുടെ പെരുമഴയായിരുന്നു. 

ടിവിയിലും സിനിമയിലും അഭിനയിച്ച് തന്‍റെ ഉടമയായ തബതയെ ഗ്രംപി കോടീശ്വരിയാക്കി. തബത ഹോട്ടലിലെ വെയിറ്റര്‍ പണി രാജി വെച്ചു. ശേഷം ടെലിവിഷൻ പരിപാടികളിലും സിനിമകളിലും അഭിനയിച്ച് ഗ്രംപി തന്റെ ഉടമയെ കോടീശ്വര പദവിയിലേയ്ക്ക് എത്തിച്ചു.

ഗ്രംപിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരായ പകര്‍പ്പവകാശക്കേസില്‍ മാത്രം 5 കോടി രൂപയാണ് തബതയ്ക്കു ലഭിച്ചത്. ദിവസങ്ങൾ കഴിയുന്തോറും ​ഗ്രംപിയുടെ പേരിൽ നിരവധി ഉത്പന്നങ്ങളും വിപണികളിൽ സ്ഥാനം പിടിക്കുകയായിരുന്നു. 

‘ഗ്രംപൂച്ചിനോ’ എന്ന പേരില്‍ കോഫി ബ്രാന്‍ഡ്, സാന്‍ഫ്രാന്‍സിസ്‌കോയില്‍ മെഴുകുപ്രതിമ… അങ്ങനെ ഗ്രംപി’ എന്ന പൂച്ച ലോക പ്രശസ്തയായി. ഗ്രംപിയെ പ്രശസ്തയാക്കിയത് ആ വിഷാദ ഭാവമായിരുന്നു. താഴത്തെ നിര പല്ല്, മുകള്‍നിരയേക്കാള്‍ ഉന്തിനിന്നതാണ് ഗ്രംപി പൂച്ചയ്ക്ക് പ്രത്യേക വിഷാദഭാവം നല്‍കിയിരുന്നത്.

ഗ്രംപിയുടെ വിയോഗം ഉടമസ്ഥരെയും ആരാധകരെയും ഒരേപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.  എന്തായാലും ആരാധകരുടെ മനസ്സില്‍ ഗ്രംപി ഇനിയും ജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Trending News