വാഷിംഗ്ടണ്‍: ഈ വര്‍ഷം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സില്‍ ഉത്തര കൊറിയ പങ്കെടുത്ത് കാണണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും ഒത്തു ചേര്‍ന്ന് 2018ലെ കായിക മാമാങ്കം അടുത്ത തലത്തിലേക്ക് ഉയര്‍ത്തണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള നയതന്ത്രചര്‍ച്ചകള്‍ ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രസ്താവന. ഉത്തര കൊറിയ ശീതകാല ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും അമേരിക്ക നടത്തുമെന്ന് ട്രംപ് അറിയിച്ചു. ഒരു കായിക മാമാങ്കത്തില്‍ ഒരുമിച്ച് പങ്കെടുക്കുന്നത് നയതന്ത്ര തലത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഉത്തര കൊറിയക്കെതിരെ ശക്തമായ നിലപാട് സിവീകരിക്കുന്ന അമേരിക്കയ്ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ വലിയ പങ്കുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ തുറന്ന സമീപനമാണ് തനിക്കുള്ളതെന്നും ട്രംപ് പറഞ്ഞു. ഒളിമ്പിക്സ് ഒരു തുടക്കമാകട്ടെ. അമരിക്ക ഇക്കാര്യം ഉന്നയിച്ചില്ലെങ്കില്‍ ഉത്തര കൊറിയ ഒളിമ്പിക്സ് പങ്കാളിത്തത്തെ കുറിച്ച് പ്രതികരിക്കില്ല. ദക്ഷിണ കൊറിയയും ഇക്കാര്യത്തില്‍ മൗനം പാലിക്കും. അതിനാലാണ് ഒളിമ്പിക്സ് പങ്കാളിത്തത്തെ കുറിച്ച് സംസാരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.