തൃശൂർ: വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെ സ്കൂള്‍ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ കോടശേരി സ്വദേശി ബാബു ആന്റണിയെയാണ് സസ്പെന്‍റ് ചെയ്തത്. പതിനഞ്ച് ദിവസത്തേക്ക് ആണ് ഇയാളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ജൂൺ ആറിനായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അതുവഴി വന്ന തന്നെ വിദ്യാർത്ഥി ഗൗനിച്ചില്ലെന്ന് ആരോപിച്ചാണ് ബാബു കുട്ടിയെ മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ തോളില്‍ പിടിച്ച് അമര്‍ത്തുകയായിരുന്നു. വേദനയെടുത്ത വിദ്യാര്‍ത്ഥി അധ്യാപകന്‍റെ കെെ തട്ടി മാറ്റി. ഇതോടെ സ്റ്റാഫ് റൂമിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി വാതിലും ജനലുകളും അടച്ച് രണ്ട് ചൂരലുകള്‍ ഉപയോഗിച്ച് ദേഹമാസകലം അടിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
മർദ്ദനമേറ്റ എടതിരിഞ്ഞി സ്വദേശിയായ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ബാലനീതി നിയമപ്രകാരം ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ അധ്യാപകന്റെ വിശദീകരണമടക്കമുളള റിപ്പോർട്ടും വിദ്യാഭ്യാസ വകുപ്പിന് കൈമാറി. വകുപ്പിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചാണ് സസ്പെന്‍ഷന്‍ നടപടിയെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും അധ്യാപകന് എതിരെ നടപടി എടുക്കാത്ത സ്കൂൾ നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പളിനെ തടഞ്ഞ് വച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...