ഗുരുവായൂർ: പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറിയാൽ പിന്നെ കലവറക്കും ഉറക്കമുണ്ടാകില്ല. തൊഴിലാളികൾ 24 മണിക്കൂറും ജോലിയിലായിരിക്കും. ഇത്തവണയും ആ പതിവ് തെറ്റിയിട്ടില്ല. രണ്ടരക്കോടിയെളം രൂപയാണ് ഇത്തവണ പ്രസാദ ഊട്ടിന്റെ ക്രമീകരണങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രോത്സവത്തിന് കൊടിയേറിയാൽ കലവറയിലെ തൊഴിലാളികൾ 24 മണിക്കൂറും ജോലിയിലായിരിക്കും. രാത്രിയിലെ കൊടിയേറ്റത്തിന് ശേഷം നാലമ്പലത്തിൽ നിന്ന് കൊണ്ടു വരുന്ന അഗ്നി അഗ്രശാലയിലെ അടുപ്പിലേക്ക് പകർന്നാൽ പിന്നെ തീ കെടാൻ ഇടയില്ല. രാവിലെ കഞ്ഞിയുടെ വിഭവങ്ങൾ തയ്യാറാക്കി കഴിയുമ്പോഴേക്കും ഉടൻ ഉച്ചത്തേക്കുള്ള ചോറും കറിയും തയ്യാറാക്കണം. ഇത് കഴിയുമ്പോഴേക്കും പിറ്റേ ദിവസത്തേക്കുള്ള കഞ്ഞിയും പുഴുക്കും തയ്യാറാക്കണം. പടിഞ്ഞാറെനടയിലാണ് കലവറ.
200 തൊഴിലാളികളാണ് ഉള്ളത്. ഭക്തരും വഴിപാട് പോലെ സഹായിക്കാനെത്തും. തെക്കേനടപന്തലിൽ ഒരേസമയം 1060 പേർക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തോടെയാണ് പ്രസാദ ഊട്ടിനുള്ള പന്തൽ ഒരുക്കിയിട്ടുള്ളത്. രാവിലെ കഞ്ഞി, മുതിര പുഴുക്ക് പപ്പടം എന്നിവയും ഉച്ചക്ക് ചോറ്, കാളൻ, ഓലൻ, ഉപ്പിലിട്ടത്, പപ്പടം എന്നീ വിഭവങ്ങളടങ്ങിയ സദ്യയുമാണ് നൽകുന്നത്. വിളമ്പാനും ഭക്തരുടെ സഹായമുണ്ട്.
പാള പ്ലേറ്റിലാണ് കഞ്ഞി നൽകുന്നത്. കഞ്ഞി കോരി കുടിക്കാൻ പ്ലാവിലയാണ് നൽകുന്നത്. പത്ത് ദിവസങ്ങളിലായി അഞ്ച് ലക്ഷത്തോളം പേരാണ് പ്രസാദ ഊട്ടിൽ പങ്കാളികളാകുക.ദിവസവും ഇരുപതിനായിരത്തോളം ഭക്തർ പ്രസാദ ഊട്ടിനെത്തുന്നുണ്ട്. നാടിന്റെ കൂട്ടായ്മയുടെ വിജയമാണിതെന്നന്നും ഇതുവരെ ഒരു ലക്ഷത്തിൽ പരം ജനങ്ങൾ പ്രസാദ ഊട്ടിൽ പങ്കെടുത്തിട്ടുണ്ടെന്നും പ്രസാദ ഊട്ട് സബ് കമ്മിറ്റി ചെയർമാൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പറയുന്നു.
പ്രസാദ ഊട്ടിനും പകർച്ചക്കും മുന്തിയ ഇനം അരിയാണ് ഉപയോഗിക്കുന്നത്. കഞ്ഞിക്ക് 42,000 കിലോയും ചോറിന് 50,000 കിലോയും അരിയാണ് വേണ്ടി വരുന്നത്. 25,000 കിലോ മുതിര, 22,000 കിലോ ഇടിചക്ക, 20,000കിലോ മത്തൻ, 12,000 കിലോ കൂുമ്പളങ്ങ, 500 കിലോ ചേന, 3500 കിലോ വെള്ളരി എന്നിങ്ങെയാണ് പ്രസാദ ഊട്ടിന് തയ്യറാക്കുന്ന വിഭവങ്ങൾ വേണ്ടി വരുന്നത്. 3000 കിലോ കല്ലുപ്പും 600കിലോ പൊടിയുപ്പും വിഭവങ്ങൾ തയ്യാറാക്കാൻ വേണം.സദ്യക്ക് വേണ്ട വിഭവങ്ങൾ ഭക്തർ വഴിപാടായും ഇവ സമർപ്പിക്കാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...