ന്യൂ ഡൽഹി : ഇന്ത്യയിലെ പണമിടപാട് ഫോണിൽ ഒരു ഒറ്റ ക്ലിക്കിലൂടെ സാധ്യമാക്കിയ സേവനമാണ് യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (UPI). ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകളിൽ യുപിഐ സേവനം ലഭ്യമാണ്. യുപിഐ വഴിയുള്ള പണമിടപാട് വൻ തോതിലാണ് രാജ്യത്ത് വർധിച്ചിരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനപ്രകാരം ഇന്ത്യക്ക് പുറത്തേക്കും യുപിഐ സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. രാജ്യാന്തര മൊബൈൽ സേവനമുള്ളവർക്ക് അതുവഴി ഇന്ത്യക്ക് പുറത്ത് പത്ത് രാജ്യങ്ങളിൽ യുപിഐ സേവനം ഉറപ്പാക്കുകയാണ് കേന്ദ്രം.
പ്രവാസികളായ ഇന്ത്യക്കാർ കൂടുതൽ താമസിക്കുന്ന രാജ്യങ്ങളിലാണ് കേന്ദ്ര സർക്കാർ ഈ സേവനം ഉടൻ നടപ്പിലാക്കാൻ പോകുന്നത്. സിംഗപൂർ, യുഎസ്, ഓസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൌദി അറേബ്യ, യുഎഇ, യുകെ എന്നീ പത്ത് രാജ്യങ്ങളിലാണ് കേന്ദ്രം ഇന്ത്യക്കാരായ പ്രവാസികൾക്കായി യുപിഐ സേവനം ഒരുക്കുന്നത്.
ALSO READ : യുപിഐയിൽ പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചാൽ എന്ത് ചെയ്യും? തിരികെ കിട്ടാൻ വഴിയുണ്ട്
എൻആർഇ/എൻആർഒ ബാങ്ക് അക്കൌണ്ടുകളുള്ള പ്രവാസികൾക്ക് അന്തരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉണ്ടെങ്കിൽ ഈ പത്ത് രാജ്യങ്ങളിൽ നിന്നും യുപിഐ സേവനം നടത്താൻ സാധിക്കുമെന്നാണ് നാഷ്ണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിക്കുന്നത്. ഇത് സജ്ജമാക്കാൻ ബാങ്കുകൾക്ക് ഈ വർഷം ഏപ്രിൽ 30 വരെ പേയ്മെന്റ്സ് കോർപ്പറേഷൻ സമയം അനുവദിച്ചിട്ടുണ്ട്.
ഇന്ന് ചേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ക്യാബിനെറ്റ് കമ്മിറ്റി റുപെ ഡെബിറ്റ് കാർഡ്, കുറഞ്ഞ നിരക്കിലുള്ള ബിം യുപിഐ ഇടപാടുകൾക്കായി 2,600 കോടി രൂപയുടെ പദ്ധതിക്ക് അംഗീകരാം നൽകിട്ടുണ്ട്. പത്ത് രാജ്യങ്ങളിലേക്ക് യുപിഐ സേവനം വ്യാപിപ്പിക്കുന്നതോടെ വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ജോലി ചെയ്യുന്ന പ്രവാസികൾക്കും പണമിടപാട് വേഗത്തിൽ നടത്താൻ സാധിക്കുമെന്ന് ബാങ്ക് വിദഗ്ധർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്ത് യുപിഐ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ തോതിലാണ് വർധനവുണ്ടായിരിക്കുന്നത്. ഡിസംബറിൽ 12 ലക്ഷം കോടി രൂപയുടെ ഇടപാടാണ് നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...