കൊടക് മഹീന്ദ്ര ബാങ്കിലേയ്ക്ക് 2000 രൂപ നോട്ടുകളിലൂടെ ലഭിച്ചത് 5400 കോടിയുടെ നിക്ഷേപം. 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെയാണ് നിക്ഷേപത്തിലെ ഈ വർധന. കൊടക് മഹീന്ദ്ര ബാങ്കിന് ബാങ്കിംഗ് സിസ്റ്റം നിക്ഷേപങ്ങളില്‍ 2-2.5% മാര്‍ക്കറ്റ് വിഹിതമുണ്ട്. എന്നാൽ ഇതുവരെയുള്ള 2,000 രൂപയുടെ നിക്ഷേപത്തിൽ ഏകദേശം 3.5% വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും കൺസ്യൂമർ ബാങ്കിംഗ് മേധാവിയുമായ വിരാട് ദിവാൻജി പറഞ്ഞു.
2000 രൂപ നോട്ടുകളുടെ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ബിസിനസ്സുകളിൽ നിന്നാണ് വരുന്നതെന്നും അതിനാൽ അവയെല്ലാം കറന്റ് അക്കൗണ്ടുകളിലേക്കാണ് എത്തുന്നതെന്നും വിരാട് ദിവാൻജി വ്യക്തമാക്കി. 2,000 രൂപയുടെ നോട്ട് പിൻവലിക്കൽ മൂലം ബാങ്ക് നിക്ഷേപങ്ങളിൽ പെട്ടെന്നുള്ള വർദ്ധനവ് ക്ഷണികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യക്കാര്‍ 2000 രൂപ നോട്ടുകളിലൂടെ 1.8 ട്രില്യണ്‍ രൂപയാണ് ബാങ്കുകളിലേയ്ക്ക് തിരിച്ചെത്തിച്ചത്. ഇതില്‍ 85% ബാങ്കുകളില്‍ നിക്ഷേപിച്ചപ്പോള്‍ അവശേഷിക്കുന്നവര്‍ എക്‌സ്‌ചേഞ്ച് ചെയ്യുകയാണ് ചെയ്തത്.
ALSO READ: സോയാബീൻ, സൂര്യകാന്തി എണ്ണകൾക്ക് വില കുറയും, ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് സർക്കാർ
മെയ് 19 നാണ് ആർബിഐ 2000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ നോട്ടുകൾ കൈവശം വെച്ചിരിക്കുന്ന ആളുകൾക്ക് അവ നിക്ഷേപിക്കാനോ മാറ്റാനോ സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിരുന്നു. 'ക്ലീൻ നോട്ട് പോളിസി'യാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കലിനുള്ള കാരണങ്ങളിലൊന്നായി സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, കൊട്ടക് അതിന്റെ നിക്ഷേപ ഉൽപ്പന്നങ്ങളിൽ ആക്ടീവ് മണി എന്ന ഫീച്ചർ വ്യാഴാഴ്ച അവതരിപ്പിച്ചു. ഈ ഫീച്ചർ ഉപയോഗിക്കുന്നത് ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിലെ അധിക തുക 10,000 രൂപയുടെ ഗുണിതങ്ങളായി 180 ദിവസത്തെ ടേം ഡെപ്പോസിറ്റിലേക്ക് സ്വന്തമായി നീക്കാൻ കഴിയുമെന്നതാണ് സവിശേഷത. മിച്ചമുള്ള ഫണ്ടുകൾക്ക് സ്ഥിര നിക്ഷേപത്തിലൂടെ ഉയർന്ന പലിശ ലഭിക്കുന്ന മിനിമം പരിധി സേവിംഗ്സ്, സാലറി, 811 അക്കൗണ്ടുകൾ എന്നിവയ്ക്ക് 25,000 രൂപയും കറന്റ് അക്കൗണ്ടുകൾക്ക് 50,000 രൂപയുമാണെന്ന് ബാങ്ക് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...