Ambareesh Murthy: ലേയിൽ വെച്ച് ഹൃദയാഘാതം; പ്രമുഖ വ്യവസായി അംബരീഷ് മൂർത്തി അന്തരിച്ചു

Ambareesh Murthy passed away: 2011-ലാണ് ആശിഷ് ഷായ്‌ക്കൊപ്പം അംബരീഷ് മൂർത്തി പെപ്പർഫ്രൈ സ്ഥാപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 03:15 PM IST
  • അംബരീഷ് മൂർത്തി 2011-ലാണ് ആശിഷ് ഷായ്‌ക്കൊപ്പം പെപ്പർഫ്രൈ സ്ഥാപിച്ചത്.
  • ആശിഷ് ഷായും അംബരീഷ് മൂർത്തിയും ഇബേയിലെ സഹപ്രവർത്തകരായിരുന്നു.
  • റൈഡിം​ഗ് ഏറെ ഇഷ്ടമുള്ള വ്യക്തിയായിരുന്നു അംബരീഷ് മൂർത്തി.
Ambareesh Murthy: ലേയിൽ വെച്ച് ഹൃദയാഘാതം; പ്രമുഖ വ്യവസായി അംബരീഷ് മൂർത്തി അന്തരിച്ചു

മുംബൈ: ഓൺലൈൻ ഫർണിച്ചർ സ്റ്റോറായ പെപ്പർഫ്രൈയുടെ സഹസ്ഥാപകൻ അംബരീഷ് മൂർത്തി (51) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ലേയിൽ വെച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ബിസിനസ് പങ്കാളിയായ ആശിഷ് ഷായാണ് മരണ വാർത്ത പങ്കുവെച്ചത്. 

“എന്റെ സുഹൃത്തും ഉപദേഷ്ടാവും സഹോദരനും ആത്മമിത്രവുമെല്ലാം ആയിരുന്ന അംബരീഷ് മൂർത്തിയുടെ വിയോ​ഗ വാർത്ത അത്യധികം വേദനയോടെ പങ്കുവെയ്ക്കുന്നു. ഇന്നലെ രാത്രി ലേയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിനു വേണ്ടിയും അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടിയും ദയവായി പ്രാർത്ഥിക്കുക. ” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലൂടെയാണ് ആശിഷ് ഷാ അംബരീഷ് മൂർത്തിയുടെ വിയോ​ഗ വാർത്ത പങ്കുവെച്ചത്. 

ALSO READ: ബിജെപിക്കെതിരായ പോരാട്ടം തുടരും, ഡൽഹി സർവീസസ് ബില്‍ ഇരു സഭകളിലും പാസായതിന് പിന്നാലെ AAP

ഫിറ്റ്‌നസ് ഫ്രീക്കും ട്രെക്കറുമായ അംബരീഷ് മൂർത്തി 2011-ലാണ് ആശിഷ് ഷായ്‌ക്കൊപ്പം പെപ്പർഫ്രൈ സ്ഥാപിച്ചത്. അതിനു മുമ്പ് കാഡ്‌ബറി, ഐസിഐസിഐ എഎംസി, ബ്രിട്ടാനിയ എന്നീ കമ്പനികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആശിഷ് ഷായും അംബരീഷ് മൂർത്തിയും ഇബേയിലെ സഹപ്രവർത്തകരായിരുന്നു. പെപ്പർഫ്രൈ ആരംഭിക്കുന്നതിന് മുമ്പ് ഇബേയുടെ ഇന്ത്യ, മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ കൺട്രി മാനേജരായിരുന്നു അംബരീഷ് മൂർത്തി. 

അംബരീഷ് മൂർത്തി വളരെ നല്ല മനുഷ്യനായിരുന്നുവെന്ന് പെപ്പർഫ്രൈയിലെ ആദ്യകാല നിക്ഷേപകരിലൊരാളായ ബെർട്ടൽസ്‌മാൻ ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടർ പങ്കജ് മക്കർ പറഞ്ഞു. അദ്ദേഹത്തിന് ട്രെക്കിംഗും ഔട്ട്‌ഡോർ പ്രവർത്തനങ്ങളും ഇഷ്ടമായിരുന്നു. ഇത്തരമൊരു സംഭവം നടന്നതായി അറിയുന്നത് ഞെട്ടിച്ചെന്നും പങ്കജ് മക്കർ കൂട്ടിച്ചേർത്തു. 

റൈഡിം​ഗ് ഏറെ ഇഷ്ടമുള്ള വ്യക്തിയായിരുന്നു അംബരീഷ് മൂർത്തി. മുമ്പ് മിന്റിന് നൽകിയ ഒരു അഭിമുഖത്തിൽ റൈഡിംഗോടുള്ള ഇഷ്ടം അദ്ദേഹം  വിശദമായി പറഞ്ഞിരുന്നു.  2021-ൽ അദ്ദേഹം തന്റെ മോട്ടോർ ബൈക്കിൽ ലഡാക്കിലേക്കും ധനുഷ്കോടിയിലേക്കും രണ്ട് ക്രോസ്-കൺട്രി ട്രിപ്പുകൾ നടത്തിയിരുന്നു. സഞ്ചരിക്കുന്ന റൂട്ടിലെ നഗരങ്ങളിൽ അദ്ദേഹം തന്റെ ടീമിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതായിരുന്നു പതിവ്. കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ (എഞ്ചിനീയറിം​ഗ്, എം ബി എ) പൂർവ വിദ്യാർത്ഥിയാണ്. 

ഹൃദയാഘാതവും കാർഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസം

ഹൃദയാഘാതം

ഹൃദയത്തിലേക്കുള്ള ധമനികളിലെ രക്തപ്രവാഹം തടസ്സപ്പെടുകയോ അല്ലെങ്കിൽ ചുരുങ്ങുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഈ ധമനികളുടെ തടസ്സങ്ങൾ വേഗത്തിൽ നീക്കം ചെയ്ത് രക്തപ്രവാഹം സു​ഗമമാക്കാനായില്ലെങ്കിൽ ഹൃദയത്തിൻറെ പേശികളിലോ ഹൃദയഭിത്തിയിലോ കേടുണ്ടാകാം. ബ്ലോക്കിന്റെ വലിപ്പത്തെ ആശ്രയിച്ചായിരിക്കും ഈ കേടുപാടുകളുടെ തീവ്രതയുണ്ടാകുക. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം പോലും സംഭവിച്ചേക്കാം. 

കാർഡിയാക് അറസ്റ്റ്

ക്രമരഹിതമായ ഹൃദയമിടിപ്പ്‌ ഉണ്ടാവുകയും ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിൽക്കുകയും ചെയ്യുന്ന അവസ്ഥയാണ് കാർഡിയാക് അറസ്റ്റ്. ഈ സാഹചര്യത്തിൽ മസ്തിഷ്കം ഉൾപ്പെടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ നിറഞ്ഞ രക്തം ഹൃദയത്തിന് പമ്പ് ചെയ്യാൻ സാധിക്കാതെ വരും. അടിയന്തരമായി ചികിത്സ നൽകിയില്ലെങ്കിൽ പൾസ് കുറയുകയും അബോധാവസ്ഥയിലേയ്ക്ക് എത്തുകയും ചെയ്യും. സാധാരണയായി മുന്നറിയിപ്പുകളില്ലാതെയാണ് കാർഡിയാക് അറസ്റ്റ് സംഭവിക്കുന്നത്.

കാർഡിയാക് അറസ്റ്റിന്റെ ലക്ഷണങ്ങൾ

ശ്വാസതടസ്സം, അമിതമായ വിയർപ്പ്, നെഞ്ചെരിച്ചിൽ, നെഞ്ചിടിപ്പ് കൂടുക, ബോധക്ഷയം എന്നിവയാണ് കാർഡിയാക് അറസ്റ്റിന്റെ പ്രധാന ലക്ഷണങ്ങൾ. 

കാർഡിയാക് അറസ്റ്റിന്റെ കാരണങ്ങൾ

കൊറോണറി ആർട്ടറി രോഗം, ചില മരുന്നുകളുടെ ഉപയോ​ഗം എന്നിവ കാർഡിയാക് അറസ്റ്റിന് കാരണമാകുന്നു. കൂടാതെ വെൻട്രിക്കുലാർ ടാക്കിക്കാർഡിയ, ബ്രാഡികാർഡിയ, കാർഡിയോമയോപ്പതി, ലോംഗ് ക്യുടി സിൻഡ്രോം പോലെയുള്ള വൈകല്യങ്ങൾ, രക്തക്കുഴലുകളുടെ അസാധാരണമായ പ്രവർത്തനങ്ങൾ എന്നിവയും കാർഡിയാക് അറസ്റ്റിന് കാരണമാകാം. 

കാർഡിയാക് അറസ്റ്റ് - ചികിത്സ

കാർഡിയോപൾമോണറി റെസസിറ്റേഷൻ (സിപിആർ)

അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചികിത്സയാണ് കാർഡിയോപൾമോണറി റെസസിറ്റേഷൻ (സിപിആർ). റെസ്ക്യൂ ബ്രീത്തിംഗ്, ചെസ്റ്റ് കംപ്രഷൻ എന്നിവ ഉപയോഗിച്ചാണ് കാർഡിയോപൾമോണറി റെസസിറ്റേഷൻ (സിപിആർ) ചെയ്യുന്നത്. പ്രവർത്തനക്ഷമമായ ഹൃദയമിടിപ്പും ശ്വസനവും പുനഃസ്ഥാപിക്കുന്നതുവരെ ഇത് ശ്വാസകോശത്തിലേക്ക് ഓക്സിജൻ എത്തിക്കുകയും ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുകയും ചെയ്യുന്നു.

ഓട്ടോമാറ്റിക് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്റർ (എഇഡി)

ഓട്ടോമാറ്റിക് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്റർ (എഇഡി) നെഞ്ചിലേക്ക് ഒരു ഷോക്ക് നൽകുന്നു. ഷോക്ക് നൽകുന്നതിലൂടെ ഹൃദയത്തിന്റെ സാധാരണമായ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നു. പരിശീലനം ലഭിച്ചതിന് ശേഷമോ അല്ലാതെയോ ആർക്കും ഉപയോഗിക്കാൻ ഇവ സുരക്ഷിതമാണ്. സമീപത്ത് ഒരു ഓട്ടോമാറ്റിക് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്റർ (എഇഡി) ലഭ്യമല്ലെങ്കിൽ വൈ​ദ്യസഹായം ലഭിക്കുന്നത് വരെ കാർഡിയോപൾമോണറി റെസസിറ്റേഷൻ (സിപിആർ) നൽകുന്നത് തുടരുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News