കനറാ ബാങ്ക് തട്ടിപ്പ് കേസ്; പ്രതി രാജ്യം വിടാൻ സാധ്യത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

കനറാ ബാങ്കിൽ നിന്ന് എട്ട് കോടിയിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരൻ വിജീഷ് വർ​ഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽകണ്ടാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്

Written by - Zee Malayalam News Desk | Last Updated : May 15, 2021, 12:09 PM IST
  • ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധിക‍ൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്
  • 10 ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ട് ക്ലോസ് ചെയ്തതായി പരാതി ലഭിച്ചിരുന്നു
  • തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽ നിന്ന് പണം നൽകി പരാതി പരിഹരിച്ചു.
  • തുടർന്ന് ബാങ്ക് നടത്തിയ ഒരു മാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്
കനറാ ബാങ്ക് തട്ടിപ്പ് കേസ്; പ്രതി രാജ്യം വിടാൻ സാധ്യത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

പത്തനംതിട്ട: കനറാ ബാങ്കിൽ നിന്ന് എട്ട് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരൻ വിജീഷ് വർ​ഗീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് (Look Out Notice) പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം നൽകി. വിജീഷ് വർ​ഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽകണ്ടാണ് പൊലീസിന്റെ നീക്കം. 

ഭാര്യയെയും രണ്ട് മക്കളെയും കൂട്ടിയാണ് ഇയാൾ ഒളിവിൽ പോയത്. ഇതിൽ വിജീഷ് വർ​ഗീസിന് മാത്രമാണ് പാസ്പോർട്ട് ഉള്ളത്. അതേസമയം, സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് (Crime Branch) കൈമാറാൻ ജില്ലാ പൊലീസ് മേധാവി ശുപാർശ ചെയ്തു. ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടും മൂന്ന് കോടിക്ക് മുകളിൽ പണം നഷ്ടപ്പെട്ട കേസും ആയതിനാൽ സംഭവം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ പരിധിയിൽ വരുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.

ALSO READ: പത്തനംതിട്ട കനറാ ബാങ്ക് ശാഖയിൽ വൻ തട്ടിപ്പ്; 8.13 കോടി രൂപ നഷ്ടപ്പെട്ടു, ജീവനക്കാരൻ കുടുംബസമേതം മുങ്ങി

വിവിധ ഇടപാടുകാരുടെ പണമാണ് ഇയാൾ തട്ടിയെടുത്തത്. 14 മാസത്തിനിടെ 8.13 കോടി രൂപയോളമാണ് ഇയാൾ വിവിധ അക്കൗണ്ടുകളിൽ (Account) നിന്ന് തട്ടിയെടുത്തത്. ക്രമക്കേട് കണ്ടെത്തിയതോടെ ഇയാൾ ഒളിവിൽ പോയി. കാഷ്യർ കം ക്ലർക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർ​ഗീസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധിക‍ൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. 10 ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ട് ക്ലോസ് ചെയ്തതായി പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടായിരുന്നു ഇത്. ഇക്കാര്യം ബാങ്ക് മാനേജറെ അറിയിച്ചു. ഇത് ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മൊഴി നൽകി. തുടർന്ന് ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽ നിന്ന് പണം നൽകി പരാതി പരിഹരിച്ചു.

തുടർന്ന് ബാങ്ക് നടത്തിയ ഒരു മാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. ദീർഘകാലത്തെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ (Fixed Deposit) നിന്നും കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കാത്ത അക്കൗണ്ടുകളിൽ നിന്നുമാണ് വിജീഷ് വർ​ഗീസ് പണം തട്ടിയെടുത്തിരുന്നത്. പണം പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നൽകേണ്ട ഉന്നത ഉദ്യോ​ഗസ്ഥരുടെ അസാന്നിധ്യത്തിൽ അവരുടെ കമ്പ്യൂട്ടർ ഉപയോ​ഗിച്ചാണ് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്.

ALSO READ: സ്കൂളിൽ നിന്നും രണ്ടാം വട്ടവും ലാപ്പ് ടോപ്പ് മോഷണം: പ്രതികൾ അറസ്റ്റിൽ

തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് പ്രാഥമിക കണ്ടെത്തിൽ. എന്നാൽ ഇത്രയും വലിയ ക്രമക്കേട് നടന്നിട്ടും തടയാൻ കഴിയാത്തതിൽ ബാങ്ക് മാനേജർ അടക്കം അഞ്ച് പേരെ സസ്പെൻഡ് ചെയ്തു. വിജീഷ് ഉപയോ​ഗിച്ചിരുന്ന കാർ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മുൻപ് നേവിയിൽ ഉദ്യോ​ഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയിൽ ഒളിവിൽ കഴിയുകയാണെന്നാണ്  പൊലീസിന്റെ നി​ഗമനം.

വിജീഷ് തട്ടിപ്പ് നടത്തിയ പണത്തിന്റെ ഭൂരിഭാ​ഗവും ഉപയോ​ഗിച്ചത് ഓൺലൈൻ റമ്മി കളിക്കും ഓഹരി വിപണിയിലെ നിക്ഷേപത്തിനും ആണെന്നാണ് പൊലീസിന്റെ നി​ഗമനം. ഇയാളുടെ മൊബൈൽ ഫോൺ നമ്പറിലെ വിശദാംശങ്ങളിൽ നിന്നാണ് പൊലീസ് ഈ നി​ഗമനത്തിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News