ഇടുക്കി തൊടുപുഴയില്‍ പരാതി ലഭിച്ചതിനെ തുടർന്ന് ചോദിക്കാന്‍ വിളിച്ച് വരുത്തി ഡിവൈഎസ്പി മര്‍ദ്ദിച്ചുവെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും പരാതി. മലങ്കര സ്വദേശി മുരളീധരനാണ് ഡിവൈഎസ്പി മര്‍ദ്ദിച്ചതായി പരാതി നല്കിയിരിക്കുന്നത്. മുരളീധരന് ഒപ്പം ഉണ്ടയായിരുന്ന സന്തോഷും മുരളീധരനെ ഡിവൈഎസ്പി മര്‍ദ്ദിച്ചത് കണ്ടതായി പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച് ഡിവൈഎസ്പിയും രംഗത്ത് എത്തിയിട്ടുണ്ട്. ഹൃദ്രോഗി കൂടിയാണ് പരാതിക്കാരനായ മുരളീധരൻ.
ഇന്ന്, ഡിസംബർ 21 രാവിലെയാണ് മുരളീധരനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് ഇയാളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തിയത്. മുട്ടം എസ്എന്‍ഡിപി യൂണിയനിലെ വനിതാ നേതാവിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയതിനെതിരേ എസ്എന്‍ഡിപി യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്. സ്റ്റേഷനിൽ മുരളീധരനെ വിളിച്ചു വരുത്തിയ ശേഷം ഇത്തരം പ്രവര്‍ത്തനങ്ങൾ ഇനി ഉണ്ടാകാന്‍ പാടില്ലെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് എസ്എന്‍ഡിപി യൂണിയന്‍ ഒന്നര ലക്ഷം രൂപ തരാനുണ്ടെന്നും താന്‍ ഇനിയും പോസ്റ്റിടുമെന്നും മുരളീധരന്‍ ആവര്‍ത്തിച്ച് പറയുകയായിരുന്നു.
ALSO READ: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ജീവനക്കാരൻ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
ഇതോടെ ഡിവൈഎസ്പി ദേഷ്യപ്പെടാൻ ആരംഭിക്കുകയായിരുന്നു എന്നാണ് മുരളീധരൻ പറയുന്നത്. ദേഷ്യത്തിലായ ഡിവൈഎസ്പി വയര്‍ലെസ് എടുത്ത് എറിയുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതെന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്. മുരളീധരന്‍ നിലവില്‍ തൊടുപുഴയിലുള്ള ജില്ല ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തെ തുടർന്ന് ഇടുക്കി എസ് പിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്നും ഒപ്പം കോടതിയെ സമീപിക്കുമെന്നും മുരളീധരന്‍ അറിയിച്ചു. എന്നാൽ അതേസമയം സ്റ്റേഷനിലെത്തിയ മുരളീധരനാണ് പ്രകോപനപരമായി പെരുമാറിയതെന്നും ഇതേ തുടര്‍ന്ന് ഇയാളെ പുറത്തിറക്കി വിടാന്‍ മറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഡി വൈ എസ് പി മധു ബാബു പറഞ്ഞു. എന്നാല്‍ ഡിവൈഎസ്പി മര്‍ദ്ദിച്ചത് കണ്ടുവെന്ന് മുരളീധരന് ഒപ്പമുണ്ടായിരുന്ന സന്തോഷും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...