കൊല്ലം: എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. കൊല്ലം റൂറൽ ഡാൻസാഫ് ആണ് പ്രതിയെ പിടികൂടിയത്. അഞ്ചൽ ആലക്കുന്നിൽ വിളയിൽ വീട്ടിൽ അൽസാബിത്താണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് അൽസാബിത്തിനെ വീട്ടിൽ നിന്ന് പിടികൂടിയത്.
വിൽപ്പനയ്ക്കായി ശേഖരിച്ചിരുന്ന പത്തോളം എൽ എസ് ഡി സ്റ്റാമ്പുകൾ, ഡിജിറ്റൽ ക്രാസോടുകൂടിയാണ് പോലീസ് കണ്ടെത്തിയത്. ഇതിന് മാർക്കറ്റിൽ 25,000 രൂപയോളം വില വരുമെന്ന് പോലീസ് അറിയിച്ചു. ആറ് മാസം മുമ്പ് എംഡിഎംഎയുമായി പിടിയിലായ അൽസാബിത്ത് ജാമ്യത്തിൽ ഇറങ്ങി രണ്ടു മാസങ്ങൾക്ക് ശേഷം വീണ്ടും മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളിയാകുകയായിരുന്നു.
സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന് സംശയിക്കുന്നതായും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. ജില്ലയിൽ ആദ്യമായാണ് എൽ എസ് ഡി സ്റ്റാമ്പ് പിടിക്കപ്പെടുന്നത്. അഞ്ചൽ സിഐ അബ്ദുൾ മനാഫ്, ഡാൻസാഫ് എസ്ഐ ജ്യോതിഷ്കുമാർ, ബിജു, സിപിഒമാരായ സജു, അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
കോഴിഫാമിലെ രഹസ്യ അറയിൽ വ്യാജ മദ്യനിർമാണം; ബിജെപി നേതാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
തൃശൂർ: ആളൂരിൽ വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നടത്തിയ പോലീസ് റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2,500 ലിറ്റർ സ്പിരിറ്റുമാണ് വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ ബിജെപി മുൻ പഞ്ചായത്തംഗം പീനിക്കപറമ്പിൽ വീട്ടിൽ ലാൽ ഉൾപ്പടെ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു.
ആളൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യം പിടികൂടിയത്. ബിജെപി മുൻ പഞ്ചായത്തംഗം ലാലിന്റെ ഉടസ്ഥതയിലുള്ള കോഴിഫാമിന്റെ ഗോഡൗണിൽ രഹസ്യ അറ നിർമിച്ചാണ് വ്യാജമദ്യം നിർമിച്ചിരുന്നത്. ലാലിന്റെ കൂട്ടാളി കട്ടപ്പന സ്വദേശി ലോറൻസിനെയും പോലീസ് പിടികൂടി. നാടക നടൻ കൂടിയായ ലാൽ കെപിഎസി ലാൽ എന്നാണ് അറിയപ്പെടുന്നത്.
വ്യാജമദ്യ കേന്ദ്രത്തിൽ നിന്ന് 1200 കെയ്സുകളിലായി സൂക്ഷിച്ച 15000ഓളം കുപ്പി വൈൽഡ് ഹോഴ്സ് എന്ന പേരിലുള്ള വ്യാജ മദ്യവും 68 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 2300 ഓളം ലിറ്റർ സ്പിരിറ്റും പോലീസ് പിടികൂടി. 3,960 ഒരു ലിറ്റർ ബോട്ടിലുകളും 10,800 അര ലിറ്റർ ബോട്ടിലുകളും ആണ് പിടികൂടിയത്.
കോഴിഫാമിനുള്ളിൽ ഒന്നിന് പുറകെ ഒന്നായി രഹസ്യ അറകൾ നിർമിച്ചാണ് സ്പിരിറ്റും മദ്യവും സൂക്ഷിച്ചിരുന്നത്. ഈ അറകളിലേക്ക് കടക്കാൻ ചുമരിൽ ചതുരത്തിലുള്ള ദ്വാരവും നിർമിച്ചിരുന്നു. പുറത്ത് നിന്ന് നോക്കിയാൽ ഈ രഹസ്യ അറകൾ ശ്രദ്ധയിൽപ്പെടാത്ത തരത്തിലാണ് കോഴിഫാമിന്റെ ഗോഡൗൺ നിർമിച്ചിരിക്കുന്നത്.
കോഴി ഫാമിലേക്കുള്ള കോഴിത്തീറ്റ സൂക്ഷിക്കുന്ന ഗോഡൗണിലാണ് മദ്യവും സ്പിരിറ്റും സൂക്ഷിച്ചിരുന്നത്. ടിപ്പർ ലോറിയിലാണ് മദ്യം ഇവിടേക്ക് എത്തിച്ചിരുന്നതെന്ന് പിടിയിലായവർ പറഞ്ഞു. കോഴി ഫാമിന്റെ മറവിൽ വ്യാജ മദ്യ നിർമാണം നടത്തിയതിനാൽ നാട്ടുകാർക്ക് സംശയം തോന്നിയിരുന്നില്ല. കർണാടകയിൽ നിന്നാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഈ കേന്ദ്രത്തിൽ നിന്ന് മദ്യം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. വ്യാജമദ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നത് സംബന്ധിച്ച് ഒരു മാസം മുമ്പാണ് പോലീസിന് വിവരം ലഭിച്ചത്.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികെയാണ് നിർമാണ കേന്ദ്രം കണ്ടെത്തിയത്. ചാലക്കുടി ഡിവൈ.എസ്.പി. സിനോജ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.