മലപ്പുറം: മലപ്പുറം അരീക്കോട് വന്‍ കുഴല്‍പ്പണ വേട്ട. രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 78 ലക്ഷം രൂപ പിടികൂടി. സംഭവത്തിൽ അരീക്കോട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലി (39) ആണ് പിടിയിലായത്. മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിച്ച് കടത്തുകയായിരുന്ന 78,08,045 രൂപയുടെ കുഴല്‍പ്പണമാണ് അരീക്കോട് പോലീസ് പിടികൂടിയത്.
അരീക്കോട് വാലില്ലാപ്പുഴ പൂഴിക്കുന്നില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലിയില്‍ നിന്ന് പണം പിടികൂടിയത്. നോട്ടുകള്‍ കെട്ടുകളാക്കി വാഹനത്തിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. പണം കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിടിച്ചെടുത്ത തുക കോടതിക്ക് കൈമാറുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
തുടര്‍ നടപടികള്‍ക്കായി ഇന്‍കംടാക്‌സ് വിഭാഗത്തിനും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും പോലീസ് റിപ്പോര്‍ട്ട് നല്‍കും. അരീക്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ അരീക്കോട് ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ യുകെ, മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് കുഴൽപ്പണം പിടിച്ചെടുത്തത്. നേരത്തെ മലപ്പുറം പെരിന്തല്‍മണ്ണയിലെ വളാഞ്ചേരിയിലും ഇത്തരത്തില്‍ വലിയ തോതില്‍ കുഴല്‍പ്പണം പിടികൂടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...