തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ (Karuvannur bank loan scam) അഞ്ചാം പ്രതി കിരണിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശൂർ സെഷൻസ് കോടതി നീട്ടി. ഹർജി എന്ന് പരിഗണിക്കുമെന്ന് പിന്നീട് അറിയിക്കും. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നാണ് കിരണിന്‍റെ വാദം.
ബാങ്കിലെ കമ്മീഷൻ ഏജന്‍റായ കിരണിന്‍റെ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. കിരൺ നിലവിൽ ഒളിവിലാണ്. കിരണിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പ്രതി ആന്ധ്രയിലാണുള്ളതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്‍റെ നിഗമനം.
ഒരേ ആധാരത്തില്‍ രണ്ടിലധികം വായ്പകള്‍ (Loan) നിരവധി പേർക്ക് അനുവദിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരില്‍ പത്ത് വായ്പകള്‍ അനധികൃതമായി അനുവദിച്ചതായും കണ്ടെത്തി. ഒരേ ആധാരത്തിൻമേൽ രണ്ടിലധികം വായ്പകൾ നൽകിയിരിക്കുന്നത് 24 പേർക്കാണ്. ഇതിൽ 10 വായ്പകൾ പ്രതികളുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ് നൽകിയിട്ടുള്ളത്. ഒരാൾക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകാനാകില്ലെന്ന നിയമവും ലംഘിച്ചു. 11 പേർക്കാണ് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകിയത്. ഇത് തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ല.
മൂന്ന് കോടി രൂപ പ്രതികള്‍ തരപ്പെടുത്തിയത് ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ്. ഈ ഇടപാടിലാണ് വ്യാജ രേഖ ചമച്ചതിന് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകള്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ബന്ധുക്കളുടെ പേരില്‍ പ്രതികള്‍ നടത്തിയ ഭൂമി ഇടപാടുകള്‍, സാമ്പത്തിക തിരിമറികള്‍ തുടങ്ങിയവയെല്ലാം ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണപരിധിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...