കോഴിക്കോട്: കൂടത്തായി കേസില്‍ കൂറുമാറി സി.പി.എം. പ്രാദേശിക നേതാവ് പ്രവീണ്‍ കുമാര്‍. കോഴിക്കോട് കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്നു. ഒന്നാം പ്രതിയായ ജോളിക്കും നാലാംപ്രതിയായ മനോജിനും അനുകൂലമായാണ് പ്രവീണ്‍ കുമാര്‍ മൊഴി നല്‍കിയത്. ഇതാദ്യമായാണ് കൂടത്തായി
കേസില്‍ ഒരാള്‍ കൂറുമാറുന്നത്. നാലാംപ്രതി മനോജിന്റെ കേസുമായി ബന്ധപ്പെട്ട് മഹസര്‍ സാക്ഷിയായിട്ടാണ് പ്രവീണ്‍കുമാര്‍ ഉണ്ടായിരുന്നത്. പോലീസ് പറഞ്ഞത് പ്രകാരമാണ് താന്‍ ഒപ്പിട്ടതെന്നും പോലീസ് പറയുന്നിടത്തെല്ലാം താന്‍ ഒപ്പിടാറുണ്ടെന്നുമാണ് പ്രത്യേക വിചാരണ കോടതിയില്‍ പ്രവീണ്‍ കുമാര്‍ മൊഴി നല്‍കിയത്.
46 സാക്ഷികളെ കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചിരുന്നു. അതില്‍ ഒന്നാംപ്രതി ജോളിയുടെ സഹോദരന്മാര്‍ അടക്കമുള്ളവര്‍ പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് നല്‍കിയിരുന്നത്. ഒരു കുടുംബത്തിലെ ആറുപേരെ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കൊലപ്പെടുത്തിയ കേസിലാണ് ജോളി ശിക്ഷിക്കപ്പെടുന്നത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് ജോളി കൊലപ്പെടുത്തിയതെന്ന് കേസ് അന്വേഷിച്ച സംഘം കണ്ടെത്തിയിരുന്നു. 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ റോജോയാണ് ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് വടകര റൂറല്‍ എസ്പിക്ക് നല്‍കിയത്. ഇതിന്റെ പിറകേ നടന്ന അന്വേഷണമാണ് കേസ് തെളിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...