മ്യൂസിയം ജംഗ്ഷനിൽ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദേശം നൽകുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കണമെന്ന് കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. സിസിടിവികൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും ശക്തമായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും സതീദേവി കൂട്ടിച്ചെർത്തു.
ബൈക്കിൽ എത്തിയ രണ്ടംഗസംഘമാണ് സ്ത്രീയെ ആക്രമിച്ചത്. ഫെബ്രുവരി 3 ന് രാത്രി 11.45ന് കനക നഗർ റോഡിലാണ് സംഭവം. സാഹിത്യ ഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സ്ത്രീക്ക് നേരെ അതിക്രമം നടന്നത്. അതിക്രമത്തിനിടെ യുവതിയുടെ കഴുത്തിനും മുഖത്തും അടിയേറ്റു. സംഭവത്തിൽ ലൈംഗിക അതിക്രമത്തിന് പോലീസ് കേസെടുത്തു. മാല മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അധിക നാൾ ആയില്ല. അതിന് മുൻപ് ആണ് വീണ്ടും മ്യൂസിയം പരിസരത്ത് ഒരു യുവതിക്ക് നേരെ ആക്രമണം നടക്കുന്നത്.
ALSO READ: Crime: മ്യൂസിയത്ത് വീണ്ടും യുവതിക്ക് നേരെ അതിക്രമം; കേസെടുത്ത് പോലീസ്
കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ഇനിയും ആവശ്യമായ സിസിടിവി ക്യാമറകൾ പോലും സ്ഥാപിച്ചിട്ടില്ലെന്നും ആരോപണം ഉണ്ട്. ആക്രമണത്തിന്റെ രണ്ട് സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. എന്നാൽ ഇതിലെ ദൃശ്യങ്ങൾ വ്യക്തമല്ലാത്തത് തിരിച്ചടിയായി. കനകക്കുന്നിലെ പരിപാടികൾ നടക്കുമ്പോൾ പൊലീസ് പ്രത്യേക സുരക്ഷാ പദ്ധതികൾ ഒന്നും തന്നെ ഒരുക്കുന്നില്ലെന്നും ആരോപണം ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...