കൊച്ചി: മാധ്യമപ്രവര്‍ത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച കേസിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കു നേരെ അശ്ലീലച്ചുവയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. നിസാർ മേത്തറിന്റെ ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ ഇന്നലെ കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു. നിരന്തരം അശ്ലീല സന്ദേശങ്ങൾ അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമായി അയച്ചതോടെ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകുകയായിരുന്നു. മാധ്യമങ്ങളുമായി അബ്ദുൽ നാസർ മദനിയുടെ ആരോഗ്യവിവരങ്ങൾ പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ഉള്ള മദനിയുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നതിനായി ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് നിസാറിൽ നിന്നും ദുരനുഭവം ഉണ്ടായത്.
ജാമ്യത്തില്‍ ഇളവ് നേടി കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ്രവർത്തക നിസാർ മേത്തറിനെ ഫോണിലൂടെ ബന്ധപ്പെടുന്നത്. ഇതിന് പിറകെയാണ് ഇയാള്‍ ലൈംഗിക ചുവയുള്ള സന്ദേശം അയച്ച് തുടങ്ങിയത്. ഇതിനെതിരെ ഇയാൾക്ക് മാധ്യമപ്രവർത്തക താക്കീത് നല്‍കിയെങ്കിലും നിസാർ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടർന്നു കൊണ്ടിരുന്നു. ഇതോടെയാണ് ഇവർ പൊലീസിസിൽ പരാതി നല്‍കിയത്. നിസാര്‍ യുവതിക്ക് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിസാർ നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശമയച്ചുവെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നത്.
ALSO READ: നിഖിൽ തോമസിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച ഓറിയോൺ ഏജൻസി ഉടമ പിടിയിൽ
അതേസമയം കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി പിടിയിൽ. എറണാകുളം കളമശ്ശേരി സ്വദേശി സുധാകരൻ (66) ആണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തി കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തെത്തുന്നത്. ഇതിനെതുടർന്ന് ആൺകുട്ടിയുടെ മാതാപിതാക്കൾ കളമശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതി ലഭിച്ചോടെ പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത് സുധാകരനെ പിടികൂടുകയായിരുന്നു. കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ സബ് ഇന്‍സ്പെക്ടർ സുധീർ, സിവിൽ പൊലീസ് ഓഫിസർമാരായ ബിനു, സുമേഷ്, ശ്രീജിത്ത്, ഷിബു, ശ്രീജിഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...