കഠിനംകുളത്ത് ബാറിനുള്ളിൽ വച്ച് യുവാവിന് വെട്ടേറ്റു. മര്യനാട് ശാന്തിപുരം സ്വദേശി മഹേഷ് സേവിയറിനാണ് വെട്ടേറ്റത്. 38 വയസ്സാണ്. കുപ്രസിദ്ധ ഗുണ്ടയായ ശാന്തിപുരം അറത്തിൽ പുരയിടത്തിൽ സാബു സിൽവയാണ് മഹേഷ് സേവിയറെ വെട്ടി പരിക്കേൽപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് സാബു സിൽവയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ, ജനുവരി 28 ന് രാത്രി 8 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മഹേഷിന്റെ കൈക്കാണ് വെട്ടേറ്റത്. തുടർന്ന് ഒളിവിൽ പോയ സാബു സിൽവയെ രാത്രി രണ്ട് മണിയോടെ അതിസാഹസികമായാണ് പോലീസ് പിടികൂടുകയായിരുന്നു. പോലീസ് പിടികൂടാൻ പോയ സമയം കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പോലീസിന് നേരെ ആക്രമണം നടത്തി. ആക്രണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കു പറ്റി. കഠിനംകുളം പോലീസ്റ്റേഷനിലെ റൗഡി ലിസറ്റിൽ പ്പെട്ട ആളാണ് അറസ്റ്റിലായ സാബു സിൽവ . പ്രതിക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസ് എടുക്കുമെന്ന് കഠിനംകുളം ഇൻസ്പെക്ടർ സാജു ആന്റണി പറഞ്ഞു.
അതേസമയം കഠിനംകുളത്ത് നിന്ന് ആയുധങ്ങളുമായി ഗുണ്ടകൾ പിടിയിലായി. തുമ്പ സ്വദേശി ലിയോൺ ജോൺസൺ (33), കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി അഖിൽ (22),കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് ( 36 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം തുമ്പയിൽ യുവാവിന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് മൂന്ന് പേരും. ലിയോൺ ജോൺസൺ ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആയുധവുമായി പിടിയിലാവുന്നത്.
ഗുണ്ടാ ആക്രമണം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലാവുന്നത്. പിടിയിലായവർക്ക് എതിരെ കഴക്കൂട്ടം, തുമ്പ, പേട്ട, അയിരൂർ , കഠിനംകുളം, മംഗലപുരം സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്. ലിയോൺ ജോൺസന്റെ പേരിൽ 28 ഓളം കേസുകൾ ഉണ്ട്. ഉന്നത ഉദ്യോഗസ്ഥർ കഠിനംകുളം സ്റ്റേഷനിൽ എത്തി പ്രതികളെ ചോദ്യം ചെയ്യും. പ്രതികളിൽ നിന്നും വെട്ടുകത്തി , വടിവാൾ , മഴു തുടങ്ങി ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...