കോഴിക്കോട്: ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയെ സ്കൂൾ ക്യാന്റീൻ ജീവനക്കാരൻ മോഷണം ആരോപിച്ച് ആക്രമിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് (റൂറൽ) 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ടോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബർ 26 നായിരുന്നു പരാതിക്കാസ്പദമായ സംഭവമുണ്ടായത്. സ്കൂൾ ക്യാന്റീനിൽ നിന്നും മിഠായി വാങ്ങി വരുമ്പോഴാണ് ക്യാന്റീൻ ജീവനക്കാരനായ സജി ആക്രമിച്ചതെന്ന് വിദ്യാർത്ഥി പരാതിയിൽ പറയുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ബാലുശേരി പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പേരിന് ഒരു കേസെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തില്ലെന്നും പരാതിയിൽ പറയുന്നു. കേസ് നവംബർ 29 ന് കോഴിക്കോട് സിറ്റിംഗിൽ പരിഗണിക്കും.
ALSO READ: കാഴ്ചയിൽ സെയിൽസ് എക്‌സിക്യൂട്ടീവ്; മോഷ്ടിച്ചത് 1000 ക്ഷേത്രങ്ങളിൽ, കള്ളനെ പോലീസ് പൊക്കിയതിങ്ങനെ
പിതാവിന്റെ മരണശേഷം രണ്ടാനമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയ മക്കളുടെ നടപടിക്കെതിരെയും കമ്മീഷൻ കേസെടുത്തു. അന്തരിച്ച പോലീസ് ഉദ്യോഗസ്ഥൻ ചന്ദ്രന്റെ രണ്ടാം ഭാര്യ വളയനാട് സ്വദേശിനി ശോഭന സമർപ്പിച്ച പരാതിയിലാണ് നടപടി. മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് നവംബർ 29 ന് പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...