തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിൽ എത്തിച്ച് ഇൻറർവ്യൂ നടത്തിയ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം കന്റോൺമെന്റ്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അഞ്ചാം പ്രതിയാണ് ശശികുമാരൻ തമ്പി. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ ജ്യോതിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ശശികുമാരൻ തമ്പി അടക്കമുള്ള കേസിലെ മറ്റ് പ്രതികളെല്ലാം ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി പുന്നൻ റോഡ് എസ് ഇ ആർ എ 17 ഗോകുലം വീട്ടിൽ ദിവ്യ ജ്യോതിയാണ്. വെഞ്ഞാറമൂട് പോലീസാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്. പിരപ്പൻകോട് സ്വദേശിക്ക് ടൈറ്റാനിയത്തിൽ കെമിസ്റ്റ് തസ്തികയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2020 ൽ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടൈറ്റാനിയത്തിലെ ലീഗൽ വിഭാഗത്തിൽ ജോലി നോക്കുന്ന ശശികുമാരൻ തമ്പി സുഹൃത്തക്കളായ ശ്യാംലാൽ, രാജേഷ്, പ്രേംകുമാർ എന്നിവരാണ് മറ്റ് പ്രതികൾ.
ദിവ്യ ജ്യോതി ഫെയ്സ് ബുക്ക് വഴി പരസ്യം നൽകുകയും പരസ്യത്തിൽ ആകൃഷ്ടരാകുന്നവരെ ഫോണിൽ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിച്ച ശേഷം ടൈറ്റാനിയത്തിൽ ഇൻറർവ്യൂവിനായി ശ്യാംലാലും മറ്റുള്ളവരും ചേർന്ന് കോണ്ട് പോകുകയും ചെയ്യും. ടൈറ്റാനിയത്തിലെ ശശികുമാരൻ തമ്പിയുടെ ക്യാബിനിൽ വെച്ച് ശശികുമാരൻ തമ്പി ഇൻറർവ്യൂ നടത്തും. തുടർന്ന് ജോലിയെ കുറിച്ചും ജോലിയിൽ കയറിയ ശേഷമുള്ള പ്രൊമോഷൻ സാധ്യതകളെ കുറിച്ചും ശശികുമാരൻ തമ്പി വിശദീകരിച്ച് ഉദ്യോഗാർഥികളുടെ വിശ്വാസം നേടും. ഇൻറർവ്യൂന് മുമ്പ് പകുതി രൂപയും ഇന്റർവ്യൂന് ശേഷം ബാക്കി രൂപയും ദിവ്യ ജ്യോതിയുടെ അക്കൗണ്ടിലും നേരിട്ടും നൽകാൻ ആവശ്യപ്പെടും.
ഉദ്യോഗാർഥികളെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വരാൻ പറഞ്ഞ ശേഷം കാറുമായി വരുന്ന ശ്യാംലാൽ അവരെ കൂട്ടികൊണ്ട് ടൈറ്റാനിയത്തിൽ പോകും. കാറിൽ കയറുമ്പോൾ തന്നെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ശ്യാംലാൽ ആവശ്യപ്പെടും. ഇൻറർവ്യൂ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മാത്രമേ ഫോൺ ഓണാക്കാൻ പാടുള്ളൂവെന്ന് പറയും. പല ഉദ്യോഗാർഥികളിൽ നിന്നും 1.5 കോടിയോളം രൂപ വാങ്ങിയിട്ടുണ്ടെന്ന് ദിവ്യ ജ്യോതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ ദേവയ്യയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി വൈ എസ് പി ഡി ബിനു, വെഞ്ഞാറമൂട് സി ഐ ആർ പി അനൂപ് കൃഷ്ണ, എസ് ഐ മാരായ വി എസ് വിനീഷ് , ഷാജി, ശശിധരൻ നായർ, എ എസ് ഐ മാരായ ബിജു, സനിത സിവിൽ പോലീസ് ഓഫീസർമാരായ എസ് സജീർ, എസ് എസ് സ്റ്റെഫി സാമുവേൽ, വി ബി ശ്രീപ്രിയ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...