ലണ്ടൻ: വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ നാണക്കേട് ഭയന്ന് കഴുത്തു ഞെരിച്ചു കൊന്ന പ്രതിയ്ക്ക് ഒടുവിൽ ശിക്ഷ. സംഭവം നടന്ന് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷമാണ് 62 കാരനായ സഫർ ഇക്ബാലിന് ശിക്ഷ ലഭിച്ചത്. 2001 ഓഗസ്റ്റിൽ, ലണ്ടനിലെ നോർബറിയിലെ വീട്ടിൽ മൂന്നു മക്കളുടെ മുന്നിൽവച്ചാണ് ഭാര്യയായ നാസിയത്ത് ഖാനെ ഇയാൾ കൊന്നത്. കൊലയ്ക്ക് ശേഷം കുട്ടികളെ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ട സഫർ ഇക്ബാൽ 2017 ൽ അവിടെ അറസ്റ്റിലായി. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം യുകെയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. ഇപ്പോൾ 19 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്.
ഇംഗ്ലണ്ടിൽ ജനിച്ച നാസിയത്ത് ഖാനെ 1985ൽ പാകിസ്ഥാനിൽ വച്ചാണ് ഇക്‌ബാൽ വിവാഹം ചെയ്‌തത്. എന്നാൽ, നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് നാസിയത്, ഇക്‌ബാലിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇക്‌ബാലിനെ സമീപിച്ച ഇസ്ലാമിക് കൗൺസിൽ ഓഫീസർമാരോട് തനിക്ക് നാല് മാസം സമയം അനുവദിക്കണം എന്നായിരുന്നു മറുപടി. കൂടാതെ, ഇതുമായി ബന്ധപ്പെട്ട കത്തുകൾ അയക്കുന്നത് അവസാനിപ്പിക്കണമെന്നും ഫോണിലൂടെ മാത്രമേ താനുമായി ബന്ധപ്പെടാവൂയെന്നും ഇക്‌ബാൽ പറഞ്ഞു. ഈ കത്തുകൾ മറ്റാരെങ്കിലും വായിക്കുന്നത് തനിക്ക് നാണക്കേടുണ്ടാകും എന്നായിരുന്നു വാദം. ഈ സംഭവം നടന്ന് മണിക്കൂറുകൾക്കകം നാസിയത്ത് കൊല്ലപ്പെടുകയും ചെയ്തു.
വിവാഹമോചനത്തെ തുടർന്നുണ്ടാകുന്ന നാണക്കേട് നേരിടാൻ കഴിയാതെയാണ് നാസിയത്തിനെ കൊന്നത് എന്നാണ് സഫർ ഇക്ബാൽ നൽകിയ മൊഴി. മാത്രമല്ല, നാസിയത്തിനു മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും ഇയാൾ വിശ്വസിച്ചിരുന്നു. സംഭവ ദിവസം പുറത്തുപോയി മടങ്ങിയെത്തിയ ഇവരുടെ മക്കൾ കാണുന്നത് സ്കാർഫ് കഴുത്തിൽ കുരുങ്ങി നിലത്തു കിടക്കുന്ന നാസിയത്തിനെയാണ്. ഈ സമയം ഏറ്റവും ഇളയ മകൾക്കൊപ്പം ഇക്‌ബാൽ മുറിക്കുള്ളിൽ ഉണ്ടായിരുന്നു. സംഭവം കണ്ട് ഒച്ചവയ്ക്കാൻ ശ്രമിച്ച കുട്ടികളെ 'നിങ്ങളുടെ ശബ്‌ദം കൂടിയാൽ അതിനനുസരിച്ച് ഇവൾക്ക് ഞാൻ കൊടുക്കുന്ന വേദനയും കൂടും' എന്ന് പറഞ്ഞു ഇക്‌ബാൽ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് കുട്ടികളുടെ മൊഴി. ഇതിനു ശേഷം കുട്ടികളിൽ ഒരാളെയും ഇയാൾ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിച്ചു.
നാസിയത്ത് എഴുതിയതാണ് എന്ന വ്യാജേന കുട്ടികളെ ഉപയോഗിച്ച് ഇയാൾ ഒരു കത്തും തയ്യാറാക്കി. താൻ ബന്ധുക്കൾക്കൊപ്പം പോവുകയാണ് എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ശേഷം കുട്ടികളെ മറ്റൊരു ബന്ധുവിന്റെയടുത്താക്കിയ ശേഷം ഇയാൾ നാടുവിടുകയായിരുന്നു. ഏറെ നാളുകളായി ഈ ദിവസത്തിനായി തങ്ങൾ കാത്തിരിക്കുകയായിരിന്നുവെന്നും ഇപ്പോഴാണ് തങ്ങളുടെ അമ്മയ്ക്ക് നീതി ലഭിച്ചതെന്നും മക്കൾ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...