ഹോളി - ആഘോഷവും ഐതീഹ്യങ്ങളും

ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും അറിയപ്പെടുന്ന ഹോളി വസന്തകാലത്തെ എതിരേല്‍ക്കാന്‍ ഹിന്ദുക്കള്‍ നടത്തുന്ന ആഘോഷമാണ്. 

Updated: Feb 27, 2018, 08:38 PM IST
ഹോളി - ആഘോഷവും ഐതീഹ്യങ്ങളും

ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും അറിയപ്പെടുന്ന ഹോളി വസന്തകാലത്തെ എതിരേല്‍ക്കാന്‍ ഹിന്ദുക്കള്‍ നടത്തുന്ന ആഘോഷമാണ്. മുഖ്യമായും ഹൈന്ദവ ആഘോഷമായ ഹോളി ഇന്ന് നാനാജാതി മതസ്ഥര്‍ ആഘോഷിക്കുന്നുണ്ട്. രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളി. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം.

ഫെബ്രുവരിയുടെ അവസാനമോ മാർച്ച് ആദ്യമോ ആണ് ഹോളി ആഘോഷിക്കുന്നത്. ഹൈന്ദവ കലണ്ടർ അനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമി ദിവസമാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം ആരംഭിക്കുന്നു. പിറ്റേന്നാണ്‌ നിറങ്ങള്‍ ഉപയോഗിച്ചുള്ള യഥാർഥ ഹോളി ആഘോഷം നടക്കുന്നത്. 

ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതീഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്‍റെ കഥയാണ്‌ മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. എന്നാല്‍ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്‍റെ ത്യാഗത്തിന്‍റെ കഥ എന്നിങ്ങനെ ഹോളിയ്ക്കുമുണ്ട് വിവിധ കഥകള്‍. ഉത്തരേന്ത്യയില്‍ ഹോളിയഘോഷത്തിനു പിന്നില്‍ മുഖ്യമായും പ്രഹ്ലാദന്‍റെ കഥയാണ്‌ ഉള്ളത്. 

പ്രഹ്ലാദന്‍റെ പിതാവ്‌ ഹിരണ്യകശ്യപുവിന്‍റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു അഹങ്കരിച്ചു.  ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. 

തന്‍റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു കുഞ്ഞുപ്രഹ്ലാദൻ. അതുകൂടാതെ വിഷ്ണുവിന്‍റെ ഉത്തമഭക്‌തൻ. അഹങ്കാരിയായ അച്ഛന്‍റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. കുപിതനായ ഹിരണ്യകശ്യപു പ്രഹ്ലാദനെ വധിക്കാൻ  ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്‍റെ ശക്‌തിയാൽ പ്രഹ്ലാദനെ ആർക്കും ഒന്നും ചെയ്യാനായില്ല.

ഒടുവിൽ, ഹിരണ്യകശ്യപു തന്‍റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. ഹോളിഗയ്ക്ക് അഗ്നിദേവൻ ഒരു വരം നല്‍കിയിരുന്നു. അഗ്നിദേവന്‍ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരമായിരുന്നു അത്. പക്ഷെ ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്ന് ഹോളിഗ അറിഞ്ഞിരുന്നില്ല. ഹിരണ്യകശ്യപുവിന്‍റെ ആജ്ഞപ്രകാരം ഹോളിഗ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. വിഷ്ണുവിന്‍റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. 

തിന്മയുടെ മേൽ നന്മ നേടിയ വിജയം ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌. ഇതിന് 'ഹോളിഗ ദഹന്‍' എന്നാണ് പറയുന്നത്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ് നടക്കുന്നത്. അഗ്നിയ്ക്കു ചുറ്റും വലം വച്ച് ആളുകള്‍ നന്മയുടെ വിജയത്തിനായി ആ അവസരത്തില്‍ പ്രാര്‍ത്ഥിക്കും. ഈ ദിവസം ചില ആളുകള്‍ പിതൃക്കളെ സ്മരിച്ച് അവര്‍ക്കുവേണ്ടി പ്രത്യേക പൂജ നടത്താറുണ്ട്‌.