എല്ലാ വഴികളും തിരുവനന്തപുരത്തേക്ക്...

മലയാളിയുടെ സിനിമാകാഴ്ചകളുടെ ശീലങ്ങളില്‍ സ്ഥിരമായ ഇരിപ്പിടം നേടിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരശീല തെളിയും. പോയ വര്‍ഷങ്ങളിലെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് മേളയുടെ ഔദ്യോഗിക പേജില്‍ പങ്കു വച്ചിരിക്കുന്ന വീഡിയോ. 

Last Updated : Dec 8, 2017, 12:56 PM IST
എല്ലാ വഴികളും തിരുവനന്തപുരത്തേക്ക്...

മലയാളിയുടെ സിനിമാകാഴ്ചകളുടെ ശീലങ്ങളില്‍ സ്ഥിരമായ ഇരിപ്പിടം നേടിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരശീല തെളിയും. പോയ വര്‍ഷങ്ങളിലെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് മേളയുടെ ഔദ്യോഗിക പേജില്‍ പങ്കു വച്ചിരിക്കുന്ന വീഡിയോ. 

കാഴ്ചയുടെയും അനുഭവങ്ങളുടെയും യൗവനത്തിലാണ് 22-ാം വര്‍ഷത്തില്‍ ചലച്ചിത്രമേള എത്തിനില്‍ക്കുന്നത്. ഫെസ്റ്റിവല്‍ ബുക്കുകള്‍, നോട്ടീസുകള്‍, ഡെലഗേറ്റ് പാസുകള്‍ എന്നിങ്ങനെ സിനിമാ പ്രേമികള്‍ ഓരോ വര്‍ഷവും തന്‍റെ സ്വകാര്യ ശേഖരത്തിലേക്ക് കൂട്ടി വയ്ക്കുന്ന ഓര്‍മ്മകളിലൂടെയാണ് വീഡിയോ കടന്നു പോകുന്നത്. 

രണ്ട് ലക്ഷത്തിലധികം ഡെലഗേറ്റുകളാണ് രണ്ട് പതിറ്റാണ്ടിനിടയില്‍ മേളയിലെത്തിയത്. ആയിരത്തിലധികം വിഖ്യാത ചലച്ചിത്രകാരന്മാര്‍ മേളയുടെ ഭാഗമായി. 2700 ഓളം ചിത്രങ്ങള്‍... എണ്ണായിരത്തിലധികം പ്രദര്‍ശനങ്ങള്‍... ഓരോ വര്‍ഷം കഴിയുന്തോറും മേളയിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടുകയാണ്. തിയ്യറ്ററില്‍ തറയിലിരുന്നു പോലും സിനിമ കാണാന്‍ കൂട്ടമായെത്തുന്ന ആസ്വാദകരാണ് മേളയെ ആഘോഷമാക്കുന്നത്. 

പലപ്പോഴും തിയ്യറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറം കാണികള്‍ പ്രദര്‍ശനത്തിന് എത്താറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ഡെലഗേറ്റ് പാസിന് പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് പല സിനിമാപ്രേമികളെയും നിരാശരാക്കിയെങ്കിലും തിരുവനന്തപുരത്തെ വേദിയിലേക്ക് എത്താന്‍ അതൊരു തടസമാകില്ലെന്ന് മേളയുടെ ആരാധകര്‍ വ്യക്തമാക്കുന്നു. 

മേളയിലെ സിനിമകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളും സജീവമാണ്. മേളയില്‍ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ക്കൊപ്പം പുറത്തായ ചിത്രങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു. പുതിയ കാഴ്ചകള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമായി അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. കാഴ്ചയുടെ നഗരത്തിലേക്ക് തീര്‍ത്ഥാടകരെ പോലെ സിനിമാപ്രേമികളും ഒഴുകുകയാണ്. എല്ലാ വഴികളും തിരുവനന്തപുരത്തേക്ക് തന്നെ!

Trending News