കേരളത്തില്‍ ആദ്യമായി ഇസ്ലാം മതം സ്വീകരിച്ച പെണ്‍കുട്ടിയല്ല ഹാദിയ. ഒരു മുസ്ലീമിനെ വിവാഹം ചെയ്ത കേരളത്തിലെ ആദ്യ പെണ്‍കുട്ടിയുമല്ല. പക്ഷേ, ഹാദിയയുടെ മതം മാറ്റവും പിന്നീട് നടന്ന വിവാഹവും അവരുടെ വ്യക്തിപരമായ തീരുമാനം എന്നതിനപ്പുറത്ത് മാധ്യമങ്ങളിലെ വാര്‍ത്താനേരങ്ങളിലെ പ്രധാന ചര്‍ച്ചകളായി തീരുമാനമാകാതെ അവസാനിച്ചപ്പോള്‍ വൈക്കത്തെ വീട്ടില്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടി നിശബ്ദയായിരുന്നു. അല്ലെങ്കില്‍, അവളെ ഒരു കൂട്ടം നിശബ്ദയാക്കി. ഒടുവില്‍ സുപ്രീംകോടതി ഇടപെടേണ്ടി വന്നു, അവളുടെ ഭാഗം പറയാനൊരു അവസരം നല്‍കാന്‍.
പ്രായപൂര്‍ത്തിയായ സ്ത്രീയാണ് ഹാദിയ. വിവാഹത്തിന് വേണ്ടി മതം മാറുന്നവര്‍ കേരളത്തില്‍ കുറവല്ലെന്നിരിക്കെ, വിവാഹത്തിന് വേണ്ടിയായിരുന്നില്ല അവള്‍ മതം മാറിയത്. എന്നിട്ടും 'ലവ് ജിഹാദ്' എന്ന ഊതിവീര്‍പ്പിച്ച ആര്‍.എസ്.എസ് ആരോപണത്തിന്‍റെ മുനയിലാണ് ഹാദിയ വിഷയം ചര്‍ച്ചയായത്. തീരുമാനം എടുത്ത വ്യക്തിയെ, അതില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുള്ള വ്യക്തിയെ ഏകപക്ഷീയമായി നിശബ്ദമാക്കിക്കൊണ്ടായിരുന്നു ആരോപണ പ്രത്യാരോപണ രംഗങ്ങള്‍ അരങ്ങു വാണത്.
സുപ്രീംകോടതിയിലും ഇത് തുടരാനായുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അതിന് തിരിച്ചടി നേരിട്ടിരിക്കുന്നു. ഹാദിയ നേരിട്ട് തന്നെ ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നു. നവംബര്‍ 27ന് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഹാദിയയുടെ അച്ഛന്‍ അശോകനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണം എന്ന ഹാദിയയുടെ അച്ഛന്‍റെ വാദം കോടതി നിരസിച്ചതും ഈ കേസില്‍ കോടതിയുടെ ഇടപെടലുകളില്‍ വിശ്വാസം ഉണ്ടാക്കുന്ന ഒന്നാണ്. ഒരു പൗരന് ഭരണഘടനാപരമായി ഉറപ്പു നല്‍കിയിരിക്കുന്ന അവകാശങ്ങളുടെ ലംഘനം നടന്നാല്‍ അത് പരിരക്ഷിക്കുന്നതിന് നീതിന്യായവ്യവസ്ഥയുണ്ടാകുമെന്ന വിശ്വാസമാണ് ഇവിടെ പ്രബലമാക്കപ്പെടുന്നത്.
സമൂഹത്തിന്‍റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനാവില്ലല്ലെന്നും വിവാഹം വ്യക്തിപരമാണെന്നും കുറ്റവാളിയെ വിവാഹം കഴിച്ചാല്‍ പോലും നിയമപരമായി തടയാന്‍ കോടതിക്കാവില്ലെന്നും സുപ്രീംകോടതി അടിവരയിട്ടു പറയുന്നു. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ജുഡീഷ്യല്‍ ഘര്‍ വാപ്പസി ആയാലും ഭരണകൂട ഘര്‍ വാപ്പസി ആയാലും എതിര്‍ക്കേണ്ടത് തന്നെ. ഹാദിയ കേസ് പിന്‍പറ്റി കേരളത്തിലെ സാമൂഹ്യബന്ധങ്ങളില്‍ വിള്ളല്‍ വരുത്താന്‍ ബോധപൂര്‍വം ശ്രമിക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
ഹാദിയയെ കോടതിയില്‍ ഹാജരാക്കാന്‍ ഇനിയും ഏകദേശം ഒരു മാസത്തോളമുണ്ട്. അതുവരെ, വൈക്കത്തെ വീട്ടില്‍ ഹാദിയ സുരക്ഷിതയാണോ എന്ന സംശയവും ബാക്കി നില്‍ക്കുന്നു. തന്നെ അച്ഛന്‍ ശാരീരികമായി ഉപദ്രവിക്കുന്നു എന്ന് ഹാദിയ തന്നെ പറയുന്ന വീഡിയോ പുറത്തു വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം എന്നാണ് കോടതി നിര്‍ദേശം. എന്നാല്‍, ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഏര്‍പ്പെടുത്തിയ സുരക്ഷ മൂലം ഹാദിയ വീട്ടുതടങ്കലിലായി എന്നതൊഴിച്ച് അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ലഭിച്ചോ എന്ന കാര്യം ചിന്തനീയമാണ്.
ഹാദിയ താമസിക്കുന്ന വീടിന് ചുറ്റും പൊലീസ് കാവല്‍ നില്‍ക്കുമ്പോഴാണ് അച്ഛന്‍ തന്നെ ശാരീരികമായി പീഡിപ്പിക്കുന്നു എന്ന് ഹാദിയ തന്നെ വിളിച്ചു പറയുന്ന ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. അവരെ വീട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്. അതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ഹാദിയ എങ്ങനെ മറികടക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.